കണ്ണൂർ: ശബരിമലയിലെ തട്ടിപ്പും വെട്ടിപ്പും നടന്നത് യുഡിഎഫ് ഭരണകാലത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ബിനാമി ഇടപാടുകളാണ് യുഡിഎഫ് ഭരിക്കുമ്പോൾ ശബരിമലയിൽ നടന്നതെന്നും സ്വർണപീഠവും സ്വർണപ്പാളിയും കൊണ്ട് പോയത് അത്തരമൊരു ബിനാമിയാണെന്നും എം വി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പാത്രം അഴിമതി നടന്നത്. സഹോദരനും ദേവസ്വം ബോർഡ് ജീവനക്കാരനുമായ ജയകുമാർ നടത്തിയ അഴിമതി ഓംബുഡ്സ്മാൻ കണ്ടെത്തുകയും ഹൈക്കോടതി നടപടിയെടുക്കുകയും ചെയ്തു. ബിനാമി ഇടപാടുകളാണ് യുഡിഎഫ് ഭരിക്കുമ്പോൾ ശബരിമലയിൽ നടന്നതെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. സ്വർണപീഠവും സ്വർണപ്പാളിയും കൊണ്ട് പോയത് അത്തരമൊരു ബിനാമിയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി എന്ന 'അവതാരം' ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമ്മിയായി എത്തിയത് 2003-2004ലെ യുഡിഎഫ് ഭരണകാലത്താണ്. പലരിൽ നിന്നും സ്പോൺസർഷിപ്പ് സംഘടിപ്പിക്കുമ്പോൾ ശബരിമല ശാന്തിയാണ് താനെന്നാണ് അവരോട് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പറയാൻ ധൈര്യം നൽകിയത് യുഡിഎഫ് ഭരണകാലത്തെ ദേവസ്വംബോർഡ് ഭരണസമിതിയാണെന്നും ജയരാജൻ ആരോപിച്ചു.
സർക്കാരിനും ദേവസ്വം ബോർഡിനും സിപിഐഎമ്മിനും ഇക്കാര്യത്തിൽ ഒറ്റ അഭിപ്രായമേ ഉള്ളൂ. ശബരിമല ശിൽപപാളിയുടെ കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. മറ്റെന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ. ഒന്നും ഒളിച്ചുവെക്കാനില്ല. മടിയിൽ കനവുമില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂർണരൂപം….
ശബരിമലയിൽ തട്ടിപ്പും വെട്ടിപ്പും യുഡിഎഫ് ഭരണകാലത്തെന്ന് ഒടുവിൽ കണ്ടെത്തി.
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ ദേവസ്വംമന്ത്രിയായിരുന്ന കാലത്താണ് പാത്രം അഴിമതി നടന്നത്. സഹോദരനും ദേവസ്വം ബോർഡ് ജീവനക്കാരനുമായ ജയകുമാർ നടത്തിയ അഴിമതി ഓംബുഡ്സ്മാൻ കണ്ടെത്തുകയും ഹൈക്കോടതി നടപടിയെടുക്കുകയും ചെയ്തു. ബിനാമി ഇടപാടുകളാണ് യുഡിഎഫ് ഭരിക്കുമ്പോൾ ശബരിമലയിൽ നടന്നതെന്ന് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. സ്വർണ്ണപീഠവും സ്വർണ്ണപ്പാളിയും കൊണ്ട് പോയത് അത്തരമൊരു ബിനാമിയാണെന്ന് കൂടി ഇപ്പോൾ കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റി എന്ന 'അവതാരം' ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമ്മിയായി എത്തിയത് 2003-2004ലെ യുഡിഎഫ് ഭരണകാലത്താണ്. പലരിൽ നിന്നും സ്പോൺസർഷിപ്പ് സംഘടിപ്പിക്കുമ്പോൾ ശബരിമല ശാന്തിയാണ് താനെന്നാണ് അവരോട് പറഞ്ഞത്. ഇങ്ങനെ പറയാൻ ധൈര്യം നൽകിയതും യുഡിഎഫ് ഭരണകാലത്തെ ദേവസ്വംബോർഡ് ഭരണസമിതി തന്നെ.
ആദ്യം സ്വർണ്ണപീഠവും പിന്നീട് സ്വർണ്ണപ്പാളിയും കണ്ടെത്തിയത് ഈ 'അവതാര'ത്തിന്റെ ബന്ധുക്കളുടെ വീടുകളിൽ നിന്നും മറ്റുമാണ്. ഇപ്പോൾ പ്രതിപക്ഷനേതാവിനെ ഉപദേശിച്ച് കുളത്തിലിറക്കുന്നതും ഇത്തരം ഇടനിലക്കാർ തന്നെ. അവരുടെയൊക്കെ വാക്ക് കേട്ട്, നാല് കിലോ സ്വർണ്ണം ദേവസ്വംബോർഡ് മോഷ്ടിച്ചുവെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷനേതാവ് പറയുന്നത്. മുൻ പ്രതിപക്ഷ നേതാവും എഐസിസി നേതാവും പറയുന്നത് ഹൈക്കൊടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ്. കോൺഗ്രസ്സുകാർ അവരുടെ തർക്കം ആദ്യം തീർക്കട്ടെ. സർക്കാരിനും ദേവസ്വംബോർഡിനും സിപിഐഎമ്മിനും ഇക്കാര്യത്തിൽ ഒറ്റ അഭിപ്രായമേ ഉള്ളൂ. ശബരിമല ശില്പപാളിയുടെ കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്. മറ്റെന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ. ഒന്നും ഒളിച്ചുവെക്കാനില്ല. മടിയിൽ കനവുമില്ല. അതല്ല യുഡിഎഫിന്റെ സ്ഥിതി. അവർ ഭരിച്ചപ്പോൾ നടന്ന അഴിമതികൾ പലതും പുറത്തുവരും.
Content Highlights: The fraud and theft in Sabarimala took place during the UDF regime, says CPIM leader M V Jayarajan