പിണറായി വിജയന്‍ ഹിന്ദുക്കളിലെ മുനാഫിഖ്; ഇതിലൊന്നും അയ്യപ്പഭക്തർ വീഴില്ല: സന്ദീപ് വാര്യർ

കുന്ദമംഗലം പഞ്ചായത്തിലെ യൂത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. സിപിഐഎമ്മിന്റെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇറങ്ങിയെന്നും സന്ദീപ് വാര്യര്‍ കടന്നാക്രമിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ യൂത്ത് ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.

'ഹിന്ദുക്കളിലെ മുനാഫിഖ് ആണ് പിണറായി വിജയന്‍. അതില്‍ ഒരു തര്‍ക്കവും വേണ്ട. നോമ്പുനോറ്റ് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തനാണ് ഞാന്‍. മനസ്സ് വലിയ വിഷമത്തിലാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് ഭക്തര്‍. ദേവസ്വം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും സിപിഐഎം സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഇറങ്ങിയിരിക്കുകയാണ്. പിണറായിയുടെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രത്തിലെ അവസാന മുതലും കട്ട് കൊണ്ടുപോകും', സന്ദീപ് വാര്യര്‍ ആരോപിച്ചു.

ശബരിമലയിലെ ആചാരം തകര്‍ക്കാനായി നേതൃത്വം കൊടുത്ത പിണറായി വിജയനാണ് അയ്യപ്പസംഗമം നടത്തിയതെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നതുപോലെയാണ് സ്വാമിയേ ശരണമയ്യപ്പായെന്ന് വിളിക്കുന്നത്. ഇതിലൊന്നും അയ്യപ്പഭക്തര്‍ വീഴില്ല. മന്ത്രി മുഹമ്മദ് റിയാസും പിണറായി വിജയനും കെട്ടുംകെട്ടി ശബരിമലക്ക് പോയാല്‍ പോലും അയ്യപ്പഭക്തര്‍ ഇക്കൂട്ടരെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Content Highlights: Sandeep varier against Pinarayi vijayan called munafiq

To advertise here,contact us