'മോഹൻലാലിനുള്ള ആദരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയും പിആർ തന്ത്രമായും ഉപയോഗിക്കുന്നതില്‍ പ്രതിഷേധിക്കുന്നു''

'തെറ്റായ നടപടികൾ മൂലം ജനങ്ങളിൽ നിന്നും വെറുപ്പ് സമ്പാദിച്ച സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മാർഗമായാണ് സർക്കാർ ഇത്തരം ചടങ്ങുകളെ കാണുന്നത്'

ആലപ്പുഴ: ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽസലാം' എന്ന പരിപാടിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ എംപി. സംസ്ഥാന സർക്കാർ ഈ പരിപാടി നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പിആർ തന്ത്രമായി പ്രയോഗിക്കുകയാണെന്നും കെ സി ആരോപിച്ചു.

തെറ്റായ നടപടികൾ മൂലം ജനങ്ങളിൽ നിന്നും വെറുപ്പ് സമ്പാദിച്ച സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മാർഗമായാണ് സർക്കാർ ഇത്തരം ചടങ്ങുകളെ കാണുന്നത്. സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം കേരള സമൂഹം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു നേതാവിന്റെ പ്രതികരണം

'മോഹൻലാലിനെ പോലുള്ള മഹാനടനെ ആദരിക്കുന്നതിനെ ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും നേരത്തെ തന്നെ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ ഇത്തരം പരിപാടികൾ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുകയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു പിആർ തന്ത്രമായി ഉപയോഗിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. തങ്ങളുടെ തെറ്റായ നടപടികൾ മൂലം ജനങ്ങളിൽ നിന്നും വെറുപ്പ് സമ്പാദിച്ച സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മാർഗ്ഗമായിട്ടാണ് സർക്കാർ ഇത്തരം ചടങ്ങുകളെ കാണുന്നത്. അയ്യപ്പ സംഗമത്തിനായി പൊതുഖജനാവിൽ നിന്നും 8.5 കോടി രൂപ ഊരാളുങ്കലിനെ ഏൽപ്പിച്ച നടപടിയിൽ ഹൈക്കോടതി പോലും എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ, സർക്കാർ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോവുകയാണ്. ശബരിമല പോലുള്ള പുണ്യസ്ഥലങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിവാദഭൂമിയാക്കാൻ ശ്രമിക്കുന്ന ഇവർ, ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം കേരള സമൂഹം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല.' എന്നാണ് കെ സി വേണുഗോപാൽ പറയുന്നത്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ മന്ത്രി വി എസ് ശിവൻകുട്ടി, രാഷ്ട്രീയ- സിനിമ- സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തിരുന്നു. മോഹൻലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാൽക്കെ അവാർഡിലൂടെ ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹൻലാൽ മാറിയെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സർക്കാരിന്റെ ആദരവിന് നന്ദി അറിയിച്ച മോഹൻലാൽ വേദിയിൽ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്തംബർ 23നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: KC Venugopal says kerala government honour program to actor Mohanlal is PR Work

To advertise here,contact us