'മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി താല്‍കാലികമായി പരിഹരിച്ചു'; കെ വി വിശ്വനാഥന്‍

ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിട്ടുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 11 കോടി രൂപ ഏജന്‍സികള്‍ക്ക് കൊടുക്കുമെന്നു വിശ്വനാഥന്‍ പറഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി താല്‍കാലികമായി പരിഹരിച്ചതായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ കെ വി വിശ്വനാഥന്‍. ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിട്ടുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 11 കോടി രൂപ ഏജന്‍സികള്‍ക്ക് കൊടുക്കുമെന്നു വിശ്വനാഥന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എട്ട് കോടി രൂപ ഏജന്‍സികള്‍ക്ക് കൈമാറും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. കുടിശിക നല്‍കാത്തതിനാല്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കാനായിരുന്നു ഏജന്‍സികളുടെ തീരുമാനം എന്നും കെ വി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച്ച വരെ കാത്തിരിക്കുമെന്നും അതിനുള്ളില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്ത് തീര്‍ക്കണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. 10 കോടി രൂപയെങ്കിലും തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്നുമായിരുന്നു വിതരണക്കാരുടെ പക്ഷം. മാര്‍ച്ച് വരെയുള്ള കുടിശ്ശിക 158 കോടി രൂപ കൊടുത്ത് തീര്‍ക്കാതെ പുതിയ സ്റ്റോക്ക് വിതരണം ചെയ്യില്ലെന്നും വിതരണക്കാര്‍ പറഞ്ഞതോടെ മെഡിക്കല്‍ കോളേജുകളിലെ ശസ്ത്രക്രിയ പ്രവര്‍ത്തനങ്ങള്‍ നിന്ന് പോകുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു കെ വി വിശ്വനാഥന്റെ പ്രതികരണം.

സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്ന് 18 മാസത്തെ കുടിശികയായ 158 കോടി രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്നതോടെയാണ്, കഴിഞ്ഞമാസം ഒന്നു മുതൽ ഏജൻസികൾ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. ഇതിന് പിന്നാലെ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായ സാഹചര്യമുണ്ടായിരുന്നു. ഒരു മാസത്തെ കുടിശിക തന്നു തീർക്കാം എന്നും വിതരണം പുനരാരംഭിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും വിതരണക്കാർ ആവശ്യം തള്ളുകയായിരുന്നു. മുഴുവൻ തുകയും ലഭിച്ചില്ലെങ്കിൽ നിലവിലുള്ള സ്റ്റോക്കും ഇന്നുമുതൽ പിൻവലിക്കും എന്നായിരുന്നു വിതരണക്കാരുടെ മുന്നറിയിപ്പ്. പിന്നാലെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചർച്ച നടത്തിയത്. നിലവിലെ സാഹചര്യത്തിൽ മുഴുവൻ തുകയും തന്നു തീർക്കാൻ കഴിയില്ലെന്നു അറിയിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മൂന്നു ദിവസത്തെ സാവകാശം കൂടി ചോദിച്ചിരുന്നു, അതിന് ശേഷമാണ് പ്രശ്നങ്ങൾ താൽകാലികമായി പരിഹരിച്ചതായി അറിയിച്ചുകൊണ്ട് കെ വി വിശ്വനാഥൻ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight; Cardiac surgery equipment crisis at the medical college temporarily resolved: KV Viswanathan

To advertise here,contact us