'ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾ അലക്ഷ്യമായി ഫോൺ എടുത്താൽ വീഴാൻ സാധ്യതയുണ്ട്'; രാജീവ് ചന്ദ്രശേഖറിന് വീണ് പരിക്ക്

'തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞു'

തിരുവനന്തപുരം: വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. പരിക്കേറ്റ വിവരം രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 'തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞു' എന്ന് തുടങ്ങുന്ന കുറിപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ പരിക്കിനെക്കുറിച്ച് പങ്കുവെക്കുന്നത്.

ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചാല്‍ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠമെന്നും തനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെയാണെന്നും മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രമെന്നും രാജീവ് തന്റെ പോസ്റ്റില്‍ കുറിച്ചു. ഇതില്‍ നിന്നും പഠിക്കേണ്ട ഗുണപാഠം ട്രെഡ് മില്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുകയാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്-

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.

ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.

എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.

ഗുണപാഠം - ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

Content Highlight; BJP state president Rajeev Chandrasekhar injured after falling from a treadmill

To advertise here,contact us