ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സമർപ്പിച്ച മണികൾ നൽകിയത് ബെംഗളൂരു വ്യവസായി അജികുമാർ; വെളിപ്പെടുത്തി ഭാര്യ

'വാസുദേവന്‍ തന്‍റെ ബന്ധു, ഉണ്ണികൃഷ്ണൻ പോറ്റിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് അജികുമാർ'

പത്തനംതിട്ട: ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച മണികൾ നൽകിയത് ബാംഗ്ലൂർ വ്യവസായിയായ അജികുമാർ. ശബരിമലയിലേക്ക് രണ്ടു മണികൾ നൽകിയെന്ന് അജികുമാറിന്റെ ഭാര്യ സുമംഗല റിപ്പോർട്ടറിനോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർഷിപ്പിനായി സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് മണികൾ സംഭാവന നൽകിയത്. പേര് വെയ്ക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും 2017ലാണ് മണികൾ നൽകിയതെന്നും സുമംഗല പറഞ്ഞു. ഇപ്പോൾ ശബരിമലയിൽ ഉള്ള രണ്ടു മണികൾ അജികുമാർ നൽകിയതാണെന്നും ഇവർ കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി അജികുമാർ പരിചയത്തിലാകുന്നത് മണിയുടെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണെന്നും ഇവർ പറഞ്ഞു. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ കൊണ്ടുപോകുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അജികുമാർ ഉണ്ടായിരുന്നു. തന്റെ ബന്ധുവായ വാസുദേവനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയപ്പെടുത്തിയത് അജികുമാറാണ്.

സ്വർണപ്പാളി കൊണ്ടുപോയി പൂജിച്ച സമയത്തെല്ലാം അജികുമാർ കൂടെയുണ്ടായിരുന്നു. എന്നാൽ സ്വർണപ്പാളിക്കോ വാതിലിനോ സംഭാവന നൽകിയതായി തനിക്കറിയില്ലെന്നും സുമംഗല വ്യക്തമാക്കി. 35 ലക്ഷം രൂപ സ്വർണപ്പാളി നിർമാണത്തിനായി അജികുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ അനിൽ കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് ഭാര്യ സുമംഗല പറഞ്ഞത്.

Content Highlights:Bangalore businessman Ajikumar gave the bells offered by Unnikrishnan Potty at Sabarimala

To advertise here,contact us