വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രം;പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ സഹായം പ്രതീക്ഷിച്ചു;പ്രിയങ്ക

ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാന്‍ അഭ്യര്‍ഥിച്ചിട്ടും ഇത് വരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: വയനാടിന് അവഗണനയെന്ന് പ്രിയങ്ക ഗാന്ധി എംപി. 2221 കോടി ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 260 കോടി മാത്രമെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിനാശകരമായ ദുരന്തത്തെയാണ് ജനങ്ങള്‍ നേരിട്ടതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ അര്‍ത്ഥവത്തായ സഹായം പ്രതീക്ഷിച്ചുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മേപ്പാടിയില്‍ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവര്‍ഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തല്‍ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യര്‍ഥിച്ചുവെന്നും അടിയന്തിര സഹായം ഒന്നും അനുവദിച്ചില്ലയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാന്‍ അഭ്യര്‍ഥിച്ചിട്ടും ഇത് വരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാന്‍ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കുകയും ചെയ്തു. ദേശീയ ദുരന്ത ഈ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പിഡിഎന്‍എ നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 നും സമര്‍പ്പിച്ചു. ഈ രണ്ട് ഘട്ടത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

അതി തീവ്രദുരന്തം ആയി പ്രഖ്യാപിക്കുവാന്‍ പോലും അഞ്ചുമാസം സമയം എടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2221.03 കോടി രൂപ പുനര്‍നിര്‍മ്മാണ സഹായം ആണ് വേണ്ടത് എന്ന് മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യപ്പെട്ടതിന്മേല്‍ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നമ്മുടെ യഥാര്‍ത്ഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും വരില്ല ഈ തുക.കേരളത്തെ അവഗണിക്കുന്ന തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആ പ്രതിഷേധം നാടിന്റെയാകെ വികാരമാണ്. അത് മനസ്സിലാക്കി, സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അര്‍ഹമായ സഹായം നല്‍കാനും ഇനിയും വൈകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight : The people of Wayanad received only neglect; People expected help from the Prime Minister; Priyanka

To advertise here,contact us