പാലക്കാട് : ഒന്പത് വയസുകാരിയുടെ കൈ ചികിത്സക്കിടെ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.കുട്ടിയുടെ കൈ മുറിച്ച സംഭവം പ്രയാസകരമായ കാര്യമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. സർക്കാർ ആശുപത്രിയിൽ ആണ് കുടുംബം പോയതെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഷാഫി ചൂണ്ടിക്കാട്ടി.
കൈ ആണ് നഷ്ടപ്പെട്ട് പോയത്. പിഴവ് പരിശോധിക്കണം. ഒന്നും സംഭവിച്ചില്ല എന്ന് പറയാൻ വ്യഗ്രത കാണിക്കരുത്. രാഷ്ട്രീയമായി അല്ല വിഷയത്തെ കാണുന്നത്. മൂടിവെക്കലുകൾ ഇല്ലാതെ സത്യം പുറത്ത് കൊണ്ട് വരണം. എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താനും പറയാനും മന്ത്രി ഉൾപ്പെടെ തയ്യാറാകണം എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സെപ്റ്റംബര് 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്കുട്ടിയുടെ കെെക്ക് പരിക്കേല്ക്കുന്നത്. ഉടൻ മാതാപിതാക്കള് കുട്ടിയെ ചിറ്റൂര് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന് നിര്ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്ദേശം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ അധികൃതരുടെ പിഴവ് മൂലമാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാര കുടുംബം ആരോഗ്യമന്ത്രിക്കുള്പ്പെടെ പരാതി നല്കിയിട്ടുണ്ട്.
Content Highlight :The incident of amputation of a nine-year-old girl's hand due to medical negligence is difficult, Shafi Parambil