തിരുവനന്തപുരം: വർക്കലയിൽ വിദേശ പൗരന് മർദനമേറ്റ സംഭവത്തിൽ ആശയകുഴപ്പത്തിലായി പൊലീസ്. മർദനമേറ്റയാൾ പൊലീസിനോട് പറഞ്ഞ പേരുവിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. ഗ്രീസ് സ്വദേശിയാണെന്നും പേര് റോബർട്ട് ആണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇരുചക്ര വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇസ്രയേൽ സ്വദേശിയാണെന്ന് കണ്ടെത്തി. പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും പറഞ്ഞതിൽനിന്ന് വ്യത്യസ്തമാണ്.
ബീച്ചിൽ കുളിക്കാനിറങ്ങിയ ഇയാളെ വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികൾ മർദിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം ഇയാളുടെ ഫോൺ ബീച്ചിൽ നഷ്ടമായിരുന്നു. ഫോൺ അന്വേഷിച്ച് ബീച്ചിലെത്തിയ ഇയാൾ കടലിൽ കുളിക്കാൻ ഇറങ്ങി. എന്നാൽ ഈ സമയം വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ വിദേശിയെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. പിന്നാലെ വാക്കേറ്റമുണ്ടായെന്നാണ് പരാതി. കണ്ണിന് പരിക്കേറ്റ ഇയാളെ പൊലീസ് ഇടപെട്ട് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Content Highlights: Police are confused over the incident where a foreign national was beaten up in Varkala