പലസ്തീൻ അനുകൂല മൈം തടഞ്ഞത് സംഘപരിവാർ അനുകൂല ട്രേഡ് യൂണിയനിലെ അധ്യാപകർ; കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തും

കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്താൻ തീരുമാനിച്ചതായി പിടിഎ

കുമ്പള: കാസർകോട് കുമ്പള സർക്കാർ സ്‌കൂളിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈം തടസപ്പെടുത്തിയത് സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവർ. കർട്ടൻ താഴ്ത്തിയ അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. ഇന്നലെ വൈകീട്ടാണ് കാസർകോട് കുമ്പള ജിഎച്ച്എസ്എസ്സിൽ മൂകാഭിനയ അവതരണത്തിനിടെ കർട്ടൻ താഴ്ത്തിയത്.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈം ഷോയാണ് അധ്യാപകരെ ചൊടിപ്പിച്ചത്. അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎയും യുവജന-വിദ്യാർഥി സംഘടനകളും രംഗത്തെത്തിയതോടെ സ്‌കൂൾ പരിസരം പ്രതിഷേധ വേദിയായി. അധ്യാപകരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും തിങ്കളാഴ്ച കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായും പിടിഎ അറിയിച്ചു.

വിഷയത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇതേ വേദിയിൽ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി ഉണ്ടാകും. അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കുക. പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും കലാരൂപം തടയുന്നത് അനുവദിക്കാനാവില്ല. അതിന്റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നത് മര്യാദകേടാണ്. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: mime performance in solidarity with Palestine; Sangh Parivar trade union organization members disrupted

To advertise here,contact us