മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണം; സ്വർണപ്പാളി വിവാദത്തിനിടെ പരാതിയുമായി യൂത്ത് കോൺഗ്രസ്

എസ്പിക്ക് പരാതി നല്‍കിയതിന് പുറമെ പമ്പ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പ്പവിവാദത്തിനിടെ എസ്പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡന്‍. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സ്വര്‍ണപ്പാളി എങ്ങനെ ചെമ്പുപാളി ആയി, സ്വര്‍ണപ്പാളി എങ്ങനെ ശബരിമലയ്ക്ക് പുറത്തുപോയി എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും പരാതിയിലൂടെ ആവശ്യപ്പെടുന്നു. എസ്പിക്ക് പരാതി നല്‍കിയതിന് പുറമെ പമ്പ പൊലീസ് സ്റ്റേഷനിലും വിജയ് ഇന്ദുചൂഡന്‍ പരാതി നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കുന്നതിനായി ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.ശബരിമലയില്‍നിന്നും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചെമ്പാണോ, കട്ടിളപ്പാളികൾ പ്രദർശന വസ്തുവാക്കിയോ തുടങ്ങിയ നിരവധി ചോദ്യങ്ങളിൽ അദ്ദേഹം മറുപടി നൽകേണ്ടി വരും.

എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി, ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് നല്‍കിയത് ചെമ്പുപാളികളാണെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ആരോപണം. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് വാസുദേവനാണ്,താനല്ലെന്നും അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight; Complaint submitted to SP demanding investigation into Sabarimala gold plate controversy

To advertise here,contact us