'പലരുടെയും കൂടെ ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ എടുത്തിട്ടുണ്ട്;അതിന് തന്നെ മാത്രം ക്രൂശിച്ചിട്ട് കാര്യമില്ല'

ഉണ്ണികൃഷ്ണൻ പോറ്റി ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷണിച്ചപ്പോൾ പോയിട്ടുണ്ട്

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. ഉണ്ണികൃഷ്ണൻ പോറ്റി എന്റെ മണ്ഡലത്തിലെ വോട്ടറാണെന്നും പല തവണ തന്നെ കാണാൻ ഓഫീസിലും വന്നിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷണിച്ചപ്പോൾ പോയിട്ടുണ്ടെന്നും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. പലരുടെയും കൂടെ ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ എടുത്തിട്ടുണ്ട്. അതിന് തന്നെ മാത്രം ക്രൂശിച്ചിട്ട് കാര്യമില്ല. സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഭരിക്കുന്ന മംഗലം പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ച കാര്യത്തിൽ മലപ്പുറത്ത്നാളെ യുഡിഎഫ് വിശദീകരണ യോഗം നടത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്നും ആ യോഗത്തിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വര്‍ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്നും തട്ടിപ്പിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദം പുറത്ത് വന്നില്ലെങ്കിൽ ഇനിയും പലതും തട്ടിയേനെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇതിനെ കുറിച്ച് മിണ്ടുന്നില്ല. ആര് തെറ്റ് ചെയ്താലും നടപടി എടുക്കണം. പുഷ്പം, നാളികേരം കരാറുകൾ സുതാര്യമല്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

വിഷയം ലഘുകരിക്കാൻ വേണ്ടിയാണ് സമഗ്ര അന്വേഷണം എന്ന് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.ആവശ്യമെങ്കിൽ പ്രതിപക്ഷം കോടതിയെ സമീപിക്കും. കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണം. വിഷയത്തിൽ പ്രതികരിക്കുന്നതൊക്കെ എൻഎസ്എസ് തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷത്തിന് മിണ്ടാതിരിക്കാൻ കഴിയില്ലയെന്നും കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Content Highlight : Unnikrishnan has taken a picture with many people; there is no point in crucifying him for that; Adoor Prakash MP

To advertise here,contact us