വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; പ്രതി കസ്റ്റഡിയില്‍

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

മാനന്തവാടി: വയനാട് പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ കേസിലെ പ്രതി കസ്റ്റഡിയില്‍. തങ്കച്ചന്റെ വീട്ടില്‍ സ്‌ഫോടക വസ്തുക്കളും മദ്യവും എത്തിച്ച അനീഷ് മാമ്പള്ളിയെ കര്‍ണ്ണാടക കൂര്‍കിലെ കുശാല്‍നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു അനീഷ് മാമ്പള്ളി. പിന്നീട് സസ്‌പെന്‍ഷനിലായി. ഇയാള്‍ക്കായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു.

പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം സെപ്തംബർ ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് പിന്നാലെ തങ്കച്ചന്‍ ആരോപിച്ചിരുന്നു.

Content Highlights: accused who framed congress Leader Thankachan in a false case is in custody

To advertise here,contact us