കയ്യിലുള്ള പേന മൂർച്ചയുള്ള ആയുധമെന്ന് വിശ്വസിച്ച നിർഭയനായ മാധ്യമപ്രവർത്തകൻ; ടിജെഎസിനെ അനുസ്മരിച്ച് വി ഡി സതീശൻ

കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളാണ് ടി ജെ എസ് ജോർജ് എന്ന് സതീശൻ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളാണ് ടി ജെ എസ് ജോർജെന്ന് സതീശൻ പറഞ്ഞു. കയ്യിലുള്ള പേന മൂർച്ചയുള്ള ആയുധമെന്ന് വിശ്വസിച്ച നിർഭയനായ മാധ്യമപ്രവർത്തകനാണ് അദ്ദേഹം. കാതലുള്ള എഴുത്തും കാമ്പുള്ള ആശയവുമുള്ളയാളാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ജനസമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചത്. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

2011ലാണ് രാജ്യം ടി ജെ എസ് ജോര്‍ജിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 2017ലാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചത്. 1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ ബി സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ തടവിലാക്കിയത്. അന്ന് ടി ജെ എസ് ജോര്‍ജിന് 37 വയസായിരുന്നു. പട്‌നയില്‍ സര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് സംഭവം. പ്രതിരോധമന്ത്രി വി കെ കൃഷ്ണമോനോനാണ് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയത്.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 1950ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജ സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഇസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 25 വര്‍ഷത്തോളം ചെയ്ത പോയിന്റ് ഓഫ് വ്യൂ എന്ന കോളം ഏറെ ശ്രദ്ധേയമായിരുന്നു. 2022ല്‍ 94ാം വയസിലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടപറയുന്നത്. 57 വര്‍ഷത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനായിരുന്നു അന്ന് വിരാമമായത്.

Content Highlights: VD Satheesan expressed condolences on the demise of senior journalist TJS George

To advertise here,contact us