തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിന് പിന്നാലെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. വിദേശത്ത് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയാണ് പരാതിക്കാരൻ. ക്രമസമാധാന ചുമതലുള്ള എഡിജിപിക്ക് ഡിജിപി പരാതി കൈമാറി.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം ചെമ്പായത് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
1995 മുതൽ 2025 വരെ ശബരിമല ദ്വാരപാലക വിഗ്രഹങ്ങളുടെയും കണക്കിൽപ്പെടാത്ത സ്വർണ്ണാഭരണങ്ങളുടെയും സംശയാസ്പദമായ നീക്കം ചെയ്യലും ദുരുപയോഗവും അന്വേഷിക്കണമെന്നാണ് പരാതിയില് പറയുന്നത്.
ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. 1999 മുതൽ ഇതുവരെയുള്ള ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടുമെന്നും പൂജാ അവധിക്ക് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിനിടെ ശബരിമലയില് നിന്ന് സ്വര്ണം പൂശുന്നതിന് 2019 ല് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ പാളിയല്ല തിരികെ കൊണ്ടുവന്നതെന്ന ശില്പി മഹേഷ് പണിക്കർ വെളിപ്പെടുത്തലും പുറത്തുവന്നു. 1999 ല് ദ്വാരപാലക ശില്പത്തില് പൊതിഞ്ഞ സ്വര്ണത്തില് വീണ്ടും സ്വര്ണം പൂശാന് കഴിയില്ല. യഥാര്ത്ഥ ദ്വാരപാലക ശില്പങ്ങളിലെ പാളി മാറ്റപ്പെട്ടുവെന്നും മഹേഷ് പണിക്കര് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.
1998 ല് വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലും സ്വര്ണം പൊതിഞ്ഞ് നല്കിയത്. ഇതിന് 2019ല് മങ്ങലേല്ക്കുകയായിരുന്നു. ഇതോടെ സ്വര്ണം പൂശി നല്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്ഡ് ഉണ്ണികൃഷ്ണന് പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില് സ്വര്ണംപൂശിയ പാളികള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില് കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള് നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില് സ്വര്ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.
ഇതിന് ശേഷവും സ്വര്ണപ്പാളികള്ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല് കമ്മീഷണര് ഹൈക്കോടതിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്. 2019ല് സ്വര്ണം പൂശി നല്കിയപ്പോള് ദ്വാരപാലക ശില്പങ്ങള്ക്ക് സ്വര്ണം പൂശി രണ്ട് താങ്ങുപീഠങ്ങള് കൂടി അധികമായി നല്കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന് പോറ്റി രംഗത്തെത്തി.
ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള് മുന്പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു. ഒടുവില് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില് നിന്ന് ഈ പീഠങ്ങള് കണ്ടെടുത്തു. ഈ സംഭവങ്ങള്ക്ക് ശേഷം ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്സര് ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നു. ഇതിന്റെ പൂജാ ചടങ്ങുകളില് നടന് ജയറാം പങ്കെടുത്തു എന്നതാണ് ഒടുവിലത്തെ വിവാദം. ഇതില് വിശദീകരിച്ച് ജയറാമും രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ ഉന്നത ബന്ധങ്ങളും സംശയനിഴലിലാണ്. ഇതില് അടക്കം രഹസ്യാന്വേഷണ വിഭാഗവും വിജിലന്സും അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: Sabarimala gold plate controversy; Complaint to DGP seeking investigation