പത്തനംതിട്ട: ശബരിമലയിലെ സ്വർണപാളി വിവാദത്തിൽ ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 1999 മുതൽ ഇതുവരെയുള്ള ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടുമെന്നും പൂജാ അവധിക്ക് ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
'1998 സെപ്തംബറിലാണ് വിജയ് മല്യ സ്വർണം പൂശുന്നത്. അവിടം മുതൽ 2025വരെ, അതായത് എന്റെ കാലം വരെ പൂശിയ സ്വർണത്തെ കുറിച്ചും കുറവു വന്ന സ്വർണത്തെ കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും. പൂജാ അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന അന്ന് തന്നെ ഇക്കാര്യം ആവശ്യപ്പെടും.' എന്ന് പ്രശാന്ത് പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആ കുഴിയിൽ അദ്ദേഹം തന്നെ വീണിരിക്കുകയാണ്. ശബരിമലയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ ഇയാൾ നടത്തിയതായാണ് മാധ്യമവാർത്തകളിലൂടെ അറിഞ്ഞത്. ഇതിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി എന്തെങ്കിലും കുഴപ്പത്തിൽ ചാടിയെങ്കിൽ അത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണ്. അല്ലാതെ ദേവസ്വം ബോർഡിന് ഇതിൽ യാതൊരു പങ്കുമില്ല. ദേവസ്വം ബോർഡ് വിജിലൻസ് എസ് പി ഇക്കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അതിനൊപ്പം തന്നെ സമഗ്ര അന്വേഷണം കൂടി കോടതിയിൽ ആവശ്യപ്പെടും. 2019ലെ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ എല്ലാം അന്വേഷിക്കണം. ഒരാളെയും ദേവസ്വം ബോർഡ് സംരക്ഷിക്കില്ല. അന്നത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക നിരീക്ഷണത്തിൽ മനസിലാകുന്നത്.
നാല് കിലോ സ്വർണം കുറഞ്ഞുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. കോടതി പറയുന്നത് 42 കിലോ 38 കിലോയായി മാറി എന്നാണ്. അത് ചെമ്പ് ഉൾപ്പടെയാണ്. അത് യുക്തിയില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Travancore Devaswom Board President PS Prashanth will demand investigation in the High Court into the gold controversy at Sabarimala