തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്ണപ്പാളി, പീഠ വീവാദത്തില് ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ കൂടുതല് വിവരങ്ങള് പുറത്ത്. ഉണ്ണികൃഷ്ണ് പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. എഡിജിപി എ ശ്രീജിത്തിനെ ഉണ്ണികൃഷ്ണന് പോറ്റി പൊന്നാട അണിയിക്കുന്ന ചിത്രങ്ങള് പുറത്തുവന്നു. മട്ടന്നൂര് ശങ്കരന് മാരാര്ക്കൊപ്പമാണ് ഉണ്ണികൃഷ്ണന് പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഉന്നതര്ക്കൊപ്പമുള്ള ചിത്രങ്ങള് കാട്ടി ഇയാള് തട്ടിപ്പ് നടത്തിയോ എന്ന സംശയം ഉയര്ന്നിട്ടുണ്ട്.
സര്ക്കാരിലേക്ക് ഒരു ജ്വല്ലറിയുമായി ബന്ധപ്പെട്ടവര് ആംബുലന്സ് സ്പോണ്സര് ചെയ്തിരുന്നു. ഇതിന് പിന്നില് നിന്ന് പ്രവര്ത്തിച്ചത് ഉണ്ണികൃഷ്ണന് പോറ്റിയാണെന്നാണ് വിവരം. ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന് പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഒരു മാസം മുന്പായിരുന്നു ഈ സംഭവം.
ശബരിമലയില് പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണന് പോറ്റിയാണെന്നുള്ള വിവരവും പുറത്തുവന്നു. ഭീമ ജ്വല്ലറിയില് നിന്ന് വാഹനം വാങ്ങി നല്കി. ഓഫ് റോഡ് ഗൂർഖ ജീപ്പാണ് വാങ്ങി നല്കിയത്. മുഖ്യമന്ത്രിക്കായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി താക്കോല് കൈമാറിയത്. ആംബുലൻസ് കൈമാറിയ ചടങ്ങ് നടന്ന അതേ ദിവസം തന്നെയായിരുന്നു ഇതേ ചടങ്ങും നടന്നത്. ഇതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തി എഡിജിപിയെ പൊന്നാട അണിയിച്ചത്.
അതിനിടെ ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2020-25 കാലയളവില് ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മൂന്ന് വര്ഷത്തിനിടയില് ഉണ്ണികൃഷ്ണന് പോറ്റി മുപ്പത് കോടതിയിലധികം രൂപയുടെ ഭൂമി ഇടപാടുകള് നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില് ലഭിച്ചിരിക്കുന്ന സൂചന. ബെംഗളൂരു, തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കൂടുതല് ഇടപാടുകള്. ഇത് സംബന്ധിച്ച് മണ്ണന്തല സ്റ്റേഷനിലും നെയ്യാറ്റിന്കര കോടതിയിലും കേസുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
നെയ്യഭിഷേകത്തിന്റെ പേരില് ഉണ്ണികൃഷ്ണന് പോറ്റി പണപ്പിരിവ് നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. നെയ്ത്തേങ്ങകള് ശേഖരിച്ച് അഭിഷേകം നടത്തി നല്കുന്നതിലാണ് പണപ്പിരിവ് നടത്തിയതെന്നാണ് വിവരം. 2001 മുതല് 2023 വരെ എത്തിച്ചത് 10,001 നെയ്ത്തേങ്ങകളെന്നാണ് സൂചന. വിവിധ ഇടങ്ങളിലെ ഭക്തരില് നിന്ന് നെയ്ത്തേങ്ങകള് ശേഖരിക്കുകയും പമ്പയില് നിന്ന് ട്രാക്ടറുകളില് സന്നിധാനത്ത് എത്തിക്കുന്നതുമാണ് രീതി. അഭിഷേകം നടത്തി പ്രസാദം ഭക്തര്ക്ക് നല്കും. ഇതുവഴി ഉണ്ണികൃഷ്ണന് പോറ്റി പിരിച്ചത് ലക്ഷക്കണക്കിന് രൂപയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. നെയ്ത്തേങ്ങകള് ആചാരപ്രകാരം എത്തിക്കേണ്ടത് ഇരുമുടിക്കെട്ടുകളിലാണ്.
ഇത് ലംഘിച്ചായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപെടലുകള്. സംഭവം ശ്രദ്ധയില്പ്പെട്ടതോടെ 2023-ല് ദേവസ്വം ബോര്ഡ് ഇടപാട് വിലക്കിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആഭ്യന്തര വകുപ്പിന്റെ നിര്ദേശത്തെ തുടര്ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യാന് വിജിലന്സും ഒരുങ്ങുന്നുണ്ട്. നാളെ തിരുവനന്തപുരത്തെ ദേവസ്വം വിജിലന്സ് ഓഫീസില് ഹാജരാകാനാണ് നിര്ദേശം.
Content Highlights- Photo of unnikrishnan potty with adgp sreejith as new controversy in kerala politics