മലപ്പുറം: ഇസ്രയേലിന്റെ വംശീയ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയെ ചേര്ത്തുപിടിച്ച് മലയാളികള്. പട്ടിണിയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി മലപ്പുറം ചെറിയോടത്ത് പള്ളിയാളി നിവാസികളാണ് രംഗത്ത് വന്നത്. ഭക്ഷണ സാധനങ്ങളും കുടിവെള്ള സൗകര്യങ്ങളുമാണ് ഗാസയിലെ ജീവകാരുണ്യ പ്രവർത്തകനായ സഹീർമൻസൂർ വഴി ഇവർ ഗാസയില് എത്തിച്ചത്.
സഹായമെത്തിച്ച ചെറിയോടത്ത് പള്ളിയാളി നിവാസികൾക്ക് നന്ദി അറിയിച്ച് ഗാസ നിവാസികൾ വീഡിയോ പങ്കുവെച്ചു. സഹായമായെത്തിച്ച ഭക്ഷണം പാകം ചെയ്യുന്നതിന്റേയും ഭക്ഷണം വാങ്ങാനെത്തിയവരുടേയും കുഞ്ഞുങ്ങളുടേയും വീഡിയോയാണ് പുറത്തുവന്നത്. കുടിവെള്ളം ശേഖരിക്കുന്നതും വീഡിയോയിലുണ്ട്. ഷമീര് ചക്കാലക്കലാണ് നാട്ടിലെ ഫണ്ട് കളക്ഷന് നേതൃത്വം നൽകിയത്.
അതേസമയം ഗാസയിൽ നിന്നും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങൾക്ക് സഹായവുമായി മലയാളി യുവതിയും രംഗത്ത് വന്നിരുന്നു. 250 കുടുംബങ്ങൾക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടർ ട്രക്ക് എത്തിച്ചാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി മാതൃകയായത്. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ രശ്മി, ഗാസക്കാർ തയ്യാറാക്കിയ വീഡിയോയും തൻറെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു
'കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തിൽ പ്രൈവറ്റ് വാട്ടർ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്നേഹം പകുത്തു നൽകുന്ന എല്ലാവർക്കും ഒരായിരം നന്ദി' എന്നാണ് രശ്മി കുറിച്ചത്. 'ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കൾക്കും നന്ദി'യെന്ന് പറഞ്ഞുള്ള പോസ്റ്ററുകൾ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസൻ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവർ പങ്കുവെച്ചിരുന്നു.
Content Highlights: Malappuram cheriyodath palliyali natives extends a helping hand to Gaza