കൊച്ചി: തന്നെ പ്രകോപിപ്പിച്ചാല് ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് നടി റിനി ആന് ജോര്ജ്. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള് ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവര്ത്തകരുടെ താത്പര്യം ഉള്ക്കൊള്ളുന്നതുകൊണ്ടാണ് താന് ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
താന് നേരിടുന്ന പ്രശ്നങ്ങള് ആ പ്രവര്ത്തകര് പോലും മനസിലാക്കുന്നില്ലെന്നും റിനി പറഞ്ഞു. പലരും രാഷ്ട്രീയക്കാരുടെ മേലങ്കി അണിഞ്ഞിരിക്കുകയാണ്. അവര് എന്താണ് ചെയ്യുന്നതെന്ന് സഹപ്രവര്ത്തകര്ക്ക് പോലും അറിയില്ലെന്നും റിനി പറഞ്ഞു. താന് ഒരു കാര്യം പറഞ്ഞതിന്റെ പേരില് ഇപ്പോഴും ആക്രമിക്കപ്പെടുകയാണെന്നും റിനി ചൂണ്ടിക്കാട്ടി. ഒരാളുടെ പേരോ പ്രസ്ഥാനത്തിന്റെയോ പേര് പറയാതെയായിരുന്നു താന് ആരോപണം ഉന്നയിച്ചത്. താന് എന്ത് ധരിക്കുന്നു, എവിടെയൊക്കെ പോകുന്നു, താന് ആരുമായി ഫോട്ടോ എടുക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അവര് അന്വേഷിക്കുന്നത്. തനിക്ക് വ്യക്തി സ്വാതന്ത്ര്യമുണ്ട്. അതിലേക്ക് അനാവശ്യമായി കൈകടത്തുകയാണ്. ഓരോ കാര്യങ്ങള്ക്കും ഓരോ കഥകള് മെനയുകയാണ്. ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്. അവര്ക്കെതിരെ പ്രതികരിക്കുന്നവര്ക്കെതിരെ എന്തും പറയുന്ന അവസ്ഥ. പ്രതികരിക്കുന്നവര് എല്ലാം സിപിഐഎമ്മുകാര് എന്നാണ് അവരുടെ കാഴ്ചപ്പാട് എന്നും റിനി പറഞ്ഞു.
സിപിഐഎമ്മിന്റെ പരിപാടിയില് പങ്കെടുത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും റിനി പറഞ്ഞു. തന്റേത് സ്ത്രീപക്ഷ നിലപാടാണ്. താന് ഒരു രാഷ്ട്രീയ പാര്ട്ടിയിലും അംഗമല്ല. കലാകാരി എന്ന നിലയില് പല പ്രസ്ഥാനങ്ങളുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായി വിവാദമാക്കേണ്ട കാര്യമില്ല. ഏത് പാര്ട്ടി ക്ഷണിച്ചാലും പരിപാടിയില് പങ്കെടുത്ത് സ്ത്രീപക്ഷ നിലപാട് പറയുമെന്നും റിനി വ്യക്തമാക്കി. പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം കെ ജെ ഷൈന് ഉണ്ട്. അതില് തീരുമാനമെടുക്കേണ്ടത് താനാണ്. ഭാവിയില് ചേരുമോ എന്നത് സാങ്കല്പിക ചോദ്യം മാത്രമാണ്. അപവാദ പ്രചാരണത്തിലൂടെ തനിക്ക് ഒരിടത്തും പോകാന് കഴിയാത്ത അവസ്ഥയാണെന്നും റിനി വ്യക്തമാക്കി.
സിപിഐഎം സംഘടിപ്പിച്ച പരിപാടിയില് റിനി പങ്കെടുത്തിരുന്നു. കൊച്ചി പറവൂര് ഏരിയ കമ്മിറ്റി സ്ത്രീകള്ക്കെതിരായ സൈബര് ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പെണ്പ്രതിരോധം എന്ന പരിപാടിയിലായിരുന്നു റിനി ഭാഗമായത്. മുന് ആരോഗ്യമന്ത്രിയും എംഎല്എയുമായ കെ കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിപിഐഎം നേതാവ് കെ ജെ ഷൈന് അടക്കമുള്ളവര് പരിപാടിയില് പങ്കെടുത്തു. പ്രസംഗിക്കുന്നതിനിടെ റിനിയെ കെ ജെ ഷൈന് പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ഒരു യുവ നേതാവില് നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ കോണ്ഗ്രസിന്റെ നടപടികളില് കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള് 'ഹു കെയേഴ്സ്' എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല് മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല് ഇത് രാഹുല് ആണെന്ന രീതിയില് സോഷ്യല് മീഡിയയില് ചര്ച്ചകള് സജീവമായി. മുന്പ് സോഷ്യല് മീഡിയയില് രാഹുല് സ്വീകരിച്ച 'ഹു കെയേഴ്സ്' ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല് മീഡിയുടെ പ്രതികരണം.
ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല് പേര് രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല് യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്ഗ്രസ് നടപടികളിലേക്ക് നീങ്ങി. പ്രാഥമിക അംഗത്വത്തില് നിന്ന് രാഹുലിനെ കോണ്ഗ്രസ് പുറത്താക്കി. എന്നാല് എംഎല്എ സ്ഥാനത്ത് തുടരട്ടയെന്നും കോണ്ഗ്രസ് നിലപാട് സ്വീകരിച്ചിരുന്നു.
Content Highlights- Actress Rini ann george against cyber attack