തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വര്ണം പൂശുന്ന കരാര് ഏറ്റെടുത്ത സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് കുരുക്ക് മുറുകുന്നു. കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ഉണ്ണിക്യഷ്ണന് പോറ്റി ചൂഷണം ചെയ്തതായി വിജിലന്സിന് വിവരം ലഭിച്ചു. സന്നിധാനത്ത് വില കൂടിയ ഒരു സമര്പ്പണം നടത്താന് അഞ്ചോളം പേരില് നിന്ന് ഇയാള് പണം വാങ്ങിയിരുന്നതായാണ് വിജിലന്സിന് ലഭിച്ചിരിക്കുന്ന സൂചന. ഇതില് നിന്ന് ലഭിക്കുന്ന പണം ഇയാള് ബ്ലേഡ് പലിശയ്ക്ക് നല്കിയിരുന്നതായും വിജിലന്സിന് വിവരം ലഭിച്ചു.
ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ബെംഗളൂരുവിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന് ഒരുങ്ങുന്നതിനിടെയാണ് വിജിലന്സിന് നിര്ണായക വിവരം ലഭിച്ചിരിക്കുന്നത്. കര്ണ്ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില് നിന്നുള്ള ധനികരായ അയ്യപ്പഭക്തരാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇര. സാധാരണക്കാരായ അയ്യപ്പഭക്തരെ ഇയാള് വെറുതെ വിടും. ഒരു സമര്പ്പണത്തിനായി ഇയാള് പലരില് നിന്ന് പണം വാങ്ങുകയും അതില് ഓരോ ആളുകളുടെയും പണം ഉപയോഗിച്ചാണ് സമര്പ്പണം നടത്തിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ഇത്തരത്തില് ചൂഷണത്തിന് ഇരയാകുന്ന അയ്യപ്പഭക്തര് വിചാരിക്കുന്നത് അവരുടെ പണം ഉപയോഗിച്ചാണ് സമര്പ്പണം നടന്നത് എന്നാണ്. വിവാദ സ്വര്ണപ്പാളിയില് സ്വര്ണം പൂശാനും ഇയാള് ഒന്നിലധികം ധനികരില് നിന്ന് പണം വാങ്ങിയതായും വിജിലന്സിന് വിവരം ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോര്ഡിന്റെ ഔദ്യോഗിക രേഖകളില് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയായതുകൊണ്ട് പണം നല്കിയവര്ക്ക് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല. സംഭവത്തില് വിശദമായ അന്വേഷണത്തിലാണ് വിജിലന്സ്.
നേരത്തേ ചെന്നൈയില് സ്വര്ണം പൂശാന് കൊണ്ടുപോയ സ്വര്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായുള്ള സൂചന വിജിലന്സിന് ലഭിച്ചിരുന്നു. സ്വര്ണം പൂശാന് സന്നിധാനത്ത് നിന്ന് 2019 ജൂലൈ 20 ന് കൊണ്ടുപോയ സ്വര്ണപ്പാളി ഓഗസ്റ്റ് 25നാണ് ചെന്നൈയില് എത്തിയത്. ഇതിനിടയിലെ ഗ്യാപ്പാണ് വിജിലന്സ് സംശയിക്കുന്നത്. സ്വര്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റി ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില് എത്തിച്ചതായാണ് വിജിലന്സിന്റെ കണ്ടെത്തല്. സ്വര്ണപ്പാളി മാറ്റി മറ്റൊരു സ്വര്ണപ്പാളി നിര്മിച്ച് സന്നിധാനത്ത് സ്ഥാപിക്കാനുള്ള നീക്കമാണോ നടന്നതെന്ന് വിജിലന്സ് സംശയിക്കുന്നുണ്ട്. സമാനമായ മറ്റൊരു പാളി നിര്മിക്കാന് നേരത്തെ തന്നെ ആസൂത്രണം നടന്നുവെന്നും വിജിലന്സ് സംശയിക്കുന്നു. ഇതിനായി ക്ഷേത്ത്രില് സ്പോണ്സര്മാരുടെ സംഗമവും പൂജകളും നടത്തിയിട്ടുണ്ടാകാം. ശബരിമലയിലെ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്പത്തിന്റെ സ്വര്ണപ്പാളി ബെംഗളൂരു ക്ഷേത്ത്രിലുണ്ടാകാമെന്നും വിജിലന്സ് സംശയിക്കുന്നു. ഇക്കാര്യങ്ങളില് അടക്കം വ്യക്തത വരാന് ഉണ്ണികൃഷ്ണന് പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനാണ് വിജിലന്സിന്റെ നീക്കം.
അതിനിടെ സ്വര്ണപ്പാളി വിവാദത്തില് സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം ബോര്ഡ് കോടതിയില് ആവശ്യപ്പെടുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. 1999 മുതല് ഇതുവരെയുള്ള ഇടപാടുകള് പരിശോധിക്കണമെന്ന് ആവശ്യപ്പെടും. 2019ല് സ്വര്ണപ്പാളി സ്പോണ്സര്ക്ക് കൈമാറിയതില് ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായി. ബോര്ഡിന്റെ തീരുമാനം ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കാന് ആയിരുന്നില്ല. ഉണ്ണികൃഷ്ണന് പോറ്റി ആരാണ് എന്നത് സംബന്ധിച്ച് ദേവസ്വം ബോര്ഡിനും ധാരണയില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ദ്വാരപാലക ശില്പത്തിന്റെ താങ്ങുപീഠം കാണാതായത് സംബന്ധിച്ച ഉണ്ണികൃഷ്ണന് പോറ്റിയുടെ ആരോപണത്തിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
അയ്യപ്പ സംഗമത്തെ എതിര്ത്തവരാണ് ആസൂത്രണത്തിന് പിന്നില്. ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണന് പോറ്റിയാണ് ഇപ്പോള് പ്രതിക്കൂട്ടില് ഉള്ളത്. ശബരിമലയിലെ സ്വര്ണ ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകള് കൃത്യമാണ്. എന്നാല് ഇത് കോടതിയെ ധരിപ്പിക്കുന്നതില് ഉദ്യോഗസ്ഥര്ക്ക് വീഴ്ച സംഭവിച്ചു. മുന്നില് വന്ന രേഖകളുടെ അടിസ്ഥാനത്തില് ആയിരുന്നു കോടതി വിമര്ശനമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്ത്തു.
1998 ല് വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലും സ്വര്ണം പൊതിഞ്ഞ് നല്കിയിരുന്നു. ഇതിന് 2019ല് മങ്ങലേറ്റു. ഇതോടെ സ്വര്ണം പൂശി നല്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്ഡ് ഉണ്ണികൃഷ്ണന് പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില് സ്വര്ണംപൂശിയ പാളികള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില് കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള് നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില് സ്വര്ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു. ഇതിന് ശേഷവും സ്വര്ണപ്പാളികള്ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല് കമ്മീഷണര് ഹൈക്കോടതിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. വിഷയം പരിഗണിച്ച കോടതി നാല് കിലോ എവിടെപ്പോയെന്ന രൂക്ഷ വിമര്ശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്. 2019ല് സ്വര്ണം പൂശി നല്കിയപ്പോള് ദ്വാരപാലക ശില്പങ്ങള്ക്ക് സ്വര്ണം പൂശി രണ്ട് താങ്ങുപീഠങ്ങള് കൂടി അധികമായി നല്കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന് പോറ്റി രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള് മുന്പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു. ഒടുവില് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില് നിന്ന് ഈ പീഠങ്ങള് കണ്ടെടുത്തു. ഈ പീഠങ്ങള് 2021 മുതല് കൈവശമുണ്ടായിരുന്നുവെന്നും പിന്നീട് ഉണ്ണികൃഷ്ണന് പോറ്റിക്ക് തന്നെ കൈമാറിയെന്നും വ്യക്തമാക്കി സഹായി വാസുദേവന് രംഗത്തെത്തിയിരുന്നു.
Content Highlights- Vigilance collect more details against unnikrishnan potty over sabarimala gold plate controversy