കണ്ണൂര്: കണ്ണൂരില് ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂര് നോര്ത്ത് ജില്ലാ സെക്രട്ടറി അര്ജുന് മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില് നെഞ്ചില് നിന്നും കണ്ണീര് വീഴ്ത്തുമെന്നും അര്ജുന് സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചു.
'എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാര്ക്കോ സിപിഐഎമ്മുകാര്ക്കോ സംശയം വേണ്ട. നിങ്ങള് തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങള് തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കല് സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകള് ഞങ്ങള്ക്കറിയാം. ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാന് ഞങ്ങള്ക്ക് സാധിക്കും. നിങ്ങളുടെ മക്കള് എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്ക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് നിങ്ങളുടെ കണ്ണില് നിന്നല്ല, നെഞ്ചില് നിന്നും കണ്ണീര് വരുത്താന് സാധിക്കും. അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങള് ആഗ്രഹിക്കുന്നതെങ്കില് ചെയ്യേണ്ടത് ഉദ്യോഗസ്ഥര് ചെയ്യുക. ഇല്ലെങ്കില് ഞങ്ങള് നിയമം കയ്യിലെടുക്കും', എന്നായിരുന്നു അര്ജുന്റെ പ്രസംഗം.
കണ്ണൂര് ചെറുകുന്നില് ബിജെപി പ്രവര്ത്തകന്റെ വീടിന് നേരെ ഇന്ന് ബോംബേറുണ്ടായിരുന്നു. സംഭവത്തില് സിപിഐഎം പ്രവര്ത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭീഷണി. ഇന്ന് പുലര്ച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറല് സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില് ബിജുവിന്റെ വീടിന്റെ മുന്ഭാഗത്തിന് കേടുപാടുകള് ഉണ്ടായിരുന്നു. സംഭവസമയം ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്ക്ക് പരിക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബിജെപി-സിപിഐഎം സംഘര്ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്. ചെറുകുന്നില് ഫ്ളക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് തര്ക്കമുണ്ടായത്.
Content Highlights: Bombs threat to CPIM leaders by Kannur bjp Arjun Mavilakandy