പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പത്തിലെ സ്വര്ണപ്പാളി വിവാദത്തില് പുതിയ വഴിത്തിരിവ്. അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് കൊണ്ടുപോയ ദ്വാരപാലക ശില്പത്തിന്റെ സ്വര്ണപ്പാളി ചെന്നൈയില് നിന്ന് ബെംഗളൂരുവിലേയ്ക്ക് കൊണ്ടുപോയതായാണ് വിജിലന്സിന് ലഭിച്ചിരിക്കുന്ന വിവരം. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി ജോലി ചെയ്യുന്ന ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വര്ണപ്പാളി എത്തിച്ചതായും വിജിലന്സിന് വിവരം ലഭിച്ചു. ഇക്കാര്യങ്ങളില് വ്യക്തത വരാന് അന്വേഷണം ബെംഗളൂരുവിലേക്ക് കേന്ദ്രീകരിക്കും. ദേവസ്വം വിജിലന്സ് എസ്പി സുനില്കുമാര് കര്ണാടകയിലേക്ക് പോകും.
2019 ജൂലൈ മാസം 20-ാം തീയതിയാണ് ശബരിമല സന്നിധാനത്ത് നിന്ന് സ്വര്ണപ്പാളി ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന് പോറ്റി കൊണ്ടുപോയത്. എന്നാല് സ്വര്ണപ്പാളിf ചെന്നൈയില് എത്തിയത് അതേ വര്ഷം ഓഗസ്റ്റ് മാസം 25ന് ശേഷമാണ്. ഓഗസ്റ്റ് 29ന് തിരുവാഭരണ കമ്മീഷണര് രാധാകൃഷ്ണന് അവിടെ എത്തുകയും മുപ്പതാം തീയതി സ്വര്ണം പൂശുകയുമാണ് ചെയ്തത്. ജൂലൈ 20ന് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്ണപ്പാളി ചെന്നൈയില് എത്താന് ഏകദേശം 30 ദിവസം എടുത്തു. ഈ കാലതാമസമാണ് വിജിലന്സ് സംശയിക്കുന്നത്. സ്വര്ണപ്പാളി മാറ്റി മറ്റൊരു സ്വര്ണപ്പാളി നിര്മിച്ച് സന്നിധാനത്ത് സ്ഥാപിക്കാനുള്ള നീക്കമാണോ നടന്നതെന്ന് വിജിലന്സ് സംശയിക്കുന്നുണ്ട്. സമാനമായ മറ്റൊരു പാളി നിര്മിക്കാന് നേരത്തെ തന്നെ ആസൂത്രണം നടന്നുവെന്നും വിജിലന്സ് സംശയിക്കുന്നു. ഇതിനായി ക്ഷേത്ത്രില് സ്പോണ്സര്മാരുടെ സംഗമവും പൂജകളും നടത്തിയിട്ടുണ്ടാകാം. ശബരിമലയിലെ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്പത്തിന്റെ സ്വര്ണപ്പാളി ബെംഗളൂരു ക്ഷേത്ത്രിലുണ്ടാകാമെന്നും വിജിലന്സ് സംശയിക്കുന്നു. ഇക്കാര്യങ്ങളില് അടക്കം വ്യക്തത വരാന് ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും.
1998 ല് വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലും സ്വര്ണം പൊതിഞ്ഞ് നല്കിയിരുന്നു. ഇതിന് 2019ല് മങ്ങലേറ്റു. ഇതോടെ സ്വര്ണം പൂശി നല്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്ഡ് ഉണ്ണികൃഷ്ണന് പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില് സ്വര്ണംപൂശിയ പാളികള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില് കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള് നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില് സ്വര്ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു. ഇതിന് ശേഷവും സ്വര്ണപ്പാളികള്ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല് കമ്മീഷണര് ഹൈക്കോടതിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്. 2019ല് സ്വര്ണം പൂശി നല്കിയപ്പോള് ദ്വാരപാലക ശില്പങ്ങള്ക്ക് സ്വര്ണം പൂശി രണ്ട് താങ്ങുപീഠങ്ങള് കൂടി അധികമായി നല്കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന് പോറ്റി രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള് മുന്പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരുന്നു. ഒടുവില് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില് നിന്ന് ഈ പീഠങ്ങള് കണ്ടെടുത്തു. ഈ പീഠങ്ങള് 2021 മുതല് കൈവശമുണ്ടായിരുന്നുവെന്നും പിന്നീട് ഉണ്ണികൃഷ്ണന് പോറ്റിക്ക് തന്നെ കൈമാറിയെന്നും വ്യക്തമാക്കി സഹായി വാസുദേവന് രംഗത്തെത്തിയിരുന്നു. സംഭവം ഇപ്പോഴും വിവാദമായി തുടരുകയാണ്.
Content Highlights- Vigilance team will questioning unnikrishnan potti ovee sabarimala gold plate controversy