തിരുവനന്തപുരം: കേരളത്തില് ജിഎസ്ടിയുടെ പേരില് വന് തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശന് പറഞ്ഞു. ഇത്തരത്തില് നിരവധി തട്ടിപ്പുകള് നടന്നിരിക്കാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
'സാധാരണക്കാരായ ജനങ്ങളുടെ പേരില് ജിഎസ്ടി രജിസ്ട്രേഷന് നടന്നു. ഇവരെ മറയാക്കി ഇടപാടുകള് നടന്നു. വൈകിയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംഭവത്തില് സിബിഐ അന്വേഷണം നടത്തണം', വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
പൂനെ ജിഎസ്ടി ഇന്റലിജന്സാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും സംസ്ഥാന സര്ക്കാരിനെ അറിയിച്ചിട്ടും സര്ക്കാര് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സര്ക്കാര് ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും ജിഎസ്ടി ഉദ്യോഗസ്ഥര്ക്കും ഈ തട്ടിപ്പില് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സതീശന് പറഞ്ഞു.
ശബരിമലയിലെ പീഠ വിവാദത്തിലും സ്വര്ണപാളിയെക്കുറിച്ചും സതീശന് പ്രതികരിച്ചു. 1999ല് ദ്വാരപാലക പാളികളില് സ്വര്ണ്ണം പൂശി. അതിന് 40 വര്ഷം വാറണ്ടി ഉണ്ട്. പിന്നെ എന്തിന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി. കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ദേവസ്വം ബോര്ഡ് അന്വേഷിക്കാത്തത്. ആരാണ് ഉണ്ണികൃഷ്ണന് പോറ്റി ? എന്താണ് സ്പോണ്സര്ക്കുള്ള പ്രത്യേകത?എല്ലാ സ്പോണ്സര്മാരെ കുറിച്ചും അന്വേഷിക്കണം', അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റി ആരുടെ ബിനാമിയാണെന്നും വി ഡി സതീശന് ചോദിച്ചു.
Content Highlights: V D Satheesan says GST scam in Kerala