തിരുവനന്തപുരം: തിരുമല അനിലിന്റെ മരണത്തില് സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സെക്രട്ടറി നീലിമ ആര് കുറുപ്പ് നിര്ണായക ചോദ്യങ്ങള്ക്ക് മറുപടി നല്കിയില്ലെന്നാണ് വിവരം. സൊസൈറ്റി റിക്കവറി നടപടികളിലേക്ക് പോകാത്തതിലും മറുപടിയുണ്ടായില്ല.
വായ്പ തിരിച്ചടയ്ക്കാത്തവരില് ബിജെപി കൗണ്സിലര്മാര് വരെയുണ്ടെന്നാണ് സെക്രട്ടറിയുടെ മൊഴി. എന്നാല് വന് സാമ്പത്തിക ബാധ്യതയെന്ന ആരോപണം നീലിമ തള്ളി. 'വന് തുക വായ്പയെടുത്തവര് കുറവാണ്. അരക്കോടിയോളം രൂപ മാത്രമാണ് സൊസൈറ്റിയുടെ സാമ്പത്തിക ബാധ്യത. ഈ സാമ്പത്തിക ബാധ്യത അനിലിനെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു', എന്നിങ്ങനെയാണ് സെക്രട്ടറി മൊഴി നല്കിയത്. ഇന്നലെയാണ് നീലിമയുടെ മൊഴി രേഖപ്പെടുത്തിയത്.
മൊഴിയെടുക്കാന് സെക്രട്ടറിയെ വീണ്ടും വിളിച്ചു വരുത്തുമെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബര് 20ന് രാവിലെയായിരുന്നു ബിജെപി ജനറല് സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. അനില് അധ്യക്ഷനായ വലിയശാല ഫാം ടൂര് സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നായിരുന്നു വിവരം. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള് അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പില് നിന്ന് ലഭിച്ചിരുന്നു.
'നമുക്ക് തിരിച്ചുപിടിക്കാന് ധാരാളം തുകയുണ്ട്. നമ്മുടെ ആള്ക്കാരെ സഹായിച്ചു. മറ്റ് നടപടികള്ക്കൊന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന് കാലതാമസമുണ്ടാക്കി.
ഞാനോ സംഘത്തിലെ ഭരണസമിതിയോ ഈ സംഘത്തില് യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. ഇപ്പോള് എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില് വല്ലാതെ മാനസികാഘാതം നേരിടുകയാണ്. മാനസികമായി വലിയ സമ്മര്ദവും വിഷമവും ഉണ്ട്. പ്രസ്ഥാനത്തെയോ പ്രവര്ത്തകരുടെ വിശ്വാസത്തെയോ ഹനിച്ചിട്ടില്ല. സഹ കൗണ്സിലര്മാര്ക്ക് നന്ദി', എന്നായിരുന്നു കുറിപ്പില് പറയുന്നത്.
എന്നാല് അനില് ജീവനൊടുക്കിയതില് പൊലീസിനെ പ്രതിക്കൂട്ടില് നിര്ത്തിയായിരുന്നു ബിജെപിയുടെ പ്രതികരണം. പൊലീസ് ഭീഷണിക്കൊടുവിലാണ് അനില് ജീവനൊടുക്കിയത് എന്നായിരുന്നു ബിജെപി ആരോപണം. എന്നാല് പൊലീസിനെതിരെ യാതൊരു ആരോപണവും അനില് ആത്മഹത്യകുറിപ്പില് ഉന്നയിച്ചിരുന്നുല്ല. ബിജെപി പ്രവര്ത്തകരെയാണ് അനില് നമ്മുടെ ആള്ക്കാരെന്ന് പറഞ്ഞതെന്നാണ് വിവരം.
Content Highlights: Thirumala Anil death Police take society secratary statement