കുന്തക്കാരൻ പത്രോസിന്റെ ചെറുമകൻ, എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി; ഇനി റോസ്സൽ രാജ് നയിക്കും

പൊന്നൂക്കര കുന്തക്കാരൻ പത്രോസിന്റെ ചെറുമകനാണ് ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റോസ്സൽ രാജ്

തൃശൂർ: ഡിവെെഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ ഇനി റോസ്സൽ രാജ് നയിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ റോസ്സൽ എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും ഒല്ലൂർ ഏരിയ കമ്മിറ്റിയംഗവും കൂടിയായിരുന്നു. നിലവിലെ ട്രഷററും കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആര്‍ രാഹുല്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

പുന്നപ്ര–വയലാർ സമരപോരാളിയും തിരുവിതാംകൂർ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായിരുന്ന പൊന്നൂക്കര കുന്തക്കാരൻ പത്രോസിന്റെ ചെറുമകനാണ് ഡിവൈഎഫ്‌ഐ റോസ്സൽ രാജ്. 1938ൽ ആലപ്പുഴയിൽ നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളി പണിമുടക്കിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു കെ വി പത്രോസ്. പുന്നപ്ര–വയലാർ സമരകാലത്ത്‌ പ്രകടനത്തിനുനേരെ പൊലീസ് ഭീകര മർദ്ദനം അഴിച്ചുവിടുകയും വെടിവയ്‌ക്കുകയും ചെയ്‌തപ്പോഴാണ് തൊഴിലാളികൾ വാരിക്കുന്തം കൈയിലേന്തിയത്. അതിനു നേതൃത്വം നൽകിയത് പത്രോസായിരുന്നു. അങ്ങനെയാണ് ‘കുന്തക്കാരൻ പത്രോസ്’ എന്ന പേരുവന്നത്‌.അഭിഭാഷകനായിരുന്ന കെ പി സെൽവരാജിന്റയും റോസക്കുട്ടിയുടെയും മകനാണ് റോസൽ രാജ്.

മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. സോന കെ കരീമാണ് റോസൽ രാജിന്റെ ഭാര്യ.

ശബ്ദരേഖാ വിവാദത്തിന് പിന്നാലെ നിലവിലെ സെക്രട്ടറിയായ ശരത് പ്രസാദിനെ നീക്കിയതോടെയാണ് റോസ്സൽ രാജിനെ ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കൾ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്ന ശരത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ, കോർപ്പറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെ ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്നാണ് കുറ്റാൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

അഞ്ച് വർഷങ്ങൾക്ക് മുൻപത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ ശരത്തിനോട് സംസാരിക്കുന്നത് താൻ തന്നെയാണെന്ന് നിബിൻ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: ks rosselraj elected as dyfi thrissur state secretary

To advertise here,contact us