കെ എസ് റോസ്സല്‍ രാജ് ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറി

ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്ന ശരത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു

തൃശ്ശൂര്‍: കെ എസ് റോസ്സല്‍ രാജിനെ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. ശബ്ദരേഖാ വിവാദത്തിന് പിന്നാലെ ശരത് പ്രസാദിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തുടര്‍ന്നാണ് റോസ്സല്‍ രാജിനെ തിരഞ്ഞെടുത്തത്.

ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്ന ശരത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും ശരതിനെ നീക്കുകയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശരത്തിനോട് സംസാരിക്കുന്നത് താന്‍ തന്നെയാണെന്ന് നിബിന്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: K S Rossal Raj DYFI Thrissur District Secretary

To advertise here,contact us