വന്ന് പോയവർ ലോഹ്യം പറഞ്ഞിട്ടു പോയി, ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല: ജി സുകുമാരൻ നായർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി സുകുമാരൻ നായരെ നേരില്‍ കണ്ട് സംസാരിച്ചു

കോട്ടയം: കോൺഗ്രസിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും തങ്ങൾക്കതിന്റെ ആവശ്യമില്ലെന്നുമാണ് സുകുമാരൻ നായർ പ്രതികരിച്ചത്. ശബരിമല വിഷയത്തിലെ എൽഡിഎഫ് സർക്കാർ അനുകൂല നിലപാടിൽ വിവാദം പുകയുന്നതിനിടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. 'ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഞങ്ങൾക്കതിന്റെ ആവശ്യമില്ല. വന്നു പോയവർ ലോഹ്യം പറഞ്ഞിട്ടു പോയി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ എന്റെ നിലപാടാണ് വ്യക്തമാക്കി', സുകുമാരൻ നായർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരെ കണ്ട് സംസാരിച്ചിരുന്നു. ഇതിനെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാടിനെ ബഹുമാനിക്കുന്നതായും സന്ദർശനത്തിന് ശേഷം തിരുവഞ്ചൂർ പറഞ്ഞിരുന്നു. വളരെ കൃത്യമായ ആശയവിനിമയമാണ് അദ്ദേഹവുമായി നടത്തിയത്. സുകുമാരൻ നായരുടെ നിലപാട് പരിപക്വമായതെന്നും തിരുവഞ്ചൂർ വ്യക്തമാക്കിയിരുന്നു.

വിവാദത്തിന് ശേഷം സുകുമാരൻ നായരെ സന്ദർശിക്കുന്ന മൂന്നാമത്തെ യുഡിഎഫ് നേതാവാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും ദിവസങ്ങൾക്ക് മുൻപ് കൊടിക്കുന്നിൽ സുരേഷ് എംപിയും സുകുമാരൻ നായരെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി കണ്ടിരുന്നു. എന്നാൽ സുകുമാരൻ നായരെ കണ്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതികരിച്ചത്. പതിവ് സന്ദർശനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെരുന്നയിലെത്തിയാണ് പി ജെ കുര്യൻ സുകുമാരൻ നായരെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നിരുന്നു.

ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽനിന്നും എൻഎസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമടക്കം പിന്നാലെ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ഇടയിലും പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നായിരുന്നു സുകുമാരൻ നായരുടെ നിലപാട്. സമദൂര നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ ജി സുകുമാരൻ നായർ, ശബരിമല നിലപാടിൽ രാഷ്ട്രീയ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടാണ് അത് തുടരുന്നുവെന്നേയുള്ളൂവെന്നും കോട്ടയം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവും തങ്ങളില്ല. സമദൂരത്തിൽ ശരിദൂരമുണ്ട്. അതാണ് ഇപ്പോൾ കാണിച്ചതെന്നും ശബരിമലവിഷയത്തിലെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം സംസാരിക്കാൻ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും സൗഹൃദ കൂടിക്കാഴ്ചയ്ക്കായി വന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

To advertise here,contact us