തിരുവനന്തപുരം: രാജ്യത്ത് മാധ്യമപ്രവര്ത്തനം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തിന്റെ നെടുംതൂണായി മാധ്യമങ്ങള് പ്രവര്ത്തിച്ച കാലം ഇന്ത്യയ്ക്കുണ്ടെന്നും ഭരണസംവിധാനത്തിനെതിരെ സംസാരിച്ചാല് കയ്യൂക്കിന്റെ ഭാഷയിലാണ് മറുപടികള് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത വര്ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണെന്നും ഭൂരിഭാഗം മാധ്യമങ്ങളുടെയും ഉടമസ്ഥര് കുത്തക മുതലാളിമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റര്നാഷണല് മീഡിയാ ഫെസ്റ്റിവല് ഓഫ് കേരളയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റിപ്പബ്ലിക് ടിവി പോലെയുളള ചാനലുകളെ രാജ്യം കാണുകയാണ്. രാജ്യത്ത് എന്ഡിടിവിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവര്ക്കും അറിയാം. ബിബിസിയുടെ ഓഫീസ് വരെ കേന്ദ്ര അന്വേഷണ ഏജന്സികള് റെയ്ഡ് ചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്ത്തനം നഷ്ടമാവുകയാണ്. വ്യാജ വാര്ത്തകള് പ്രചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്ക്കണം': മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കന് സാമ്രാജ്യത്വ ശക്തിയുടെ പിന്തുണയോടെ ഇസ്രയേല് നടത്തുന്നത് കൂട്ടക്കുരുതിയാണെന്നും പലസ്തീന് പോരാളികളുടെ പോരാട്ട വീര്യം കേരളവും രാജ്യവും നേരത്തെ തന്നെ അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം മാധ്യമപ്രവര്ത്തകര് ഇസ്രയേല് ആക്രമണത്തില് കൊല്ലപ്പെട്ടെന്നും ഇതുകൊണ്ടാണ് ലീലാവതി ടീച്ചര് തനിക്ക് ഭക്ഷണം പോലും ഇറങ്ങുന്നില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇന്റര്നാഷണല് മീഡിയാ ഫെസ്റ്റിവല് ഓഫ് കേരളയില് കഴിഞ്ഞ ദിവസം പലസ്തീന് ഐക്യദാര്ഢ്യം സംഘടിപ്പിച്ചിരുന്നു. ധനമന്ത്രി കെ എന് ബാലഗോപാലും ഇന്ത്യയിലെ പലസ്തീന് അംബാസഡര് അബ്ദുളള അബു ഷ്വേഷും ചേര്ന്ന് പട്ടങ്ങള് പറന്നുയരുന്നു, പലസ്തീനും (Kites Rise, So Will Palestine) എന്നെഴുതിയ ബലൂണുകളും പട്ടങ്ങളും പറത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളം പലസ്തീനൊപ്പമാണെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു. ഗാസയില് മാധ്യമപ്രവര്ത്തനത്തിനിടെ കൊല്ലപ്പെട്ട മുന്നൂറോളം മാധ്യമപ്രവര്ത്തകര് സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവന് നല്കിയവരാണെന്നും ജനാധിപത്യത്തിനും മാനവികതയ്ക്കും വേണ്ടി അവര് ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല് മാധ്യമപ്രവര്ത്തകര് കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നും പലസ്തീനില് നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവര്ത്തനങ്ങള് സ്വന്തം ജീവന് പണയംവെച്ചാണ് അവര് ലോകത്തെ അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Content Highlights:Most media outlets are owned by monopolies: Chief Minister says journalism is facing challenges