തൃശൂര്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ കൊലവിളി പരാമര്ശം നടത്തിയ ബിജെപി വക്താവിനെ സംരക്ഷിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. പ്രിന്റു മഹാദേവിന് നാക്കുപിഴ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
നാക്ക് പിഴവിന്റെ പേരില് കേസെടുക്കണമെങ്കില് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില് കേസെടുക്കണം. ബിജെപിയെ വേട്ടയാടിയാല് ഏത് പൊലീസുകാരന് ആയാലും ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കുമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
രാഹുല് ഗാന്ധിക്കെതിരെ നടത്തിയ കൊലവിളിയിൽ പ്രിന്റു മഹാദേവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്ന് വകുപ്പുകള് ഉള്പ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തില് വിദ്വേഷം പ്രചരിപ്പിക്കല്, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഒരു ടെലിവിഷന് ചാനല് ചര്ച്ചയ്ക്കിടെ പരസ്യമായി രാഹുല് ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല് ഗാന്ധിയുടെ നെഞ്ചില് വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള് ചര്ച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തില് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനല് കുറ്റമാണെന്നും കെ സി വേണുഗോപാല് ഫേസ്ബുക്കില് കുറിച്ചിരുന്നു.
Content Highlights: B Gopalakrishnan supports Printu Mahadev on Rahul Gandhi issue