'സഹോദരിയുടെ വീട്ടിലേക്ക് പീഠംകൊണ്ടുപോയത് ഞാൻ;വിവാദമായപ്പോൾ വാസുദേവൻ പതറിപ്പോയി'; വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി

പീഠം തന്നെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നം തീരുമെന്ന് വാസുദേവന് തോന്നിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പ പീഠ വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. കോട്ടയം സ്വദേശി വാസുദേവന്‍ പീഠം തന്നെ തിരികെ ഏല്‍പ്പിച്ചിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിയാണ് പീഠം ഏല്‍പ്പിച്ചതെന്നും താന്‍ തന്നെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

'തിരുവനന്തപുരത്തെ വീട്ടില്‍ മാതാവ് മാത്രമുള്ളതിനാലാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയത്. എനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങിപോകേണ്ടതുണ്ടായിരുന്നു. വിലപിടിപ്പുള്ള വസ്തു വീട്ടില്‍ വയ്‌ക്കേണ്ട എന്ന് കരുതി. നാലര വര്‍ഷം വാസുദേവന്റെ കൈവശം ആയിരുന്നു പീഠം. ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു', അദ്ദേഹം പറഞ്ഞു.

പീഠം കൈവശമുണ്ടെന്ന് വാസുദേവന്‍ തന്നെയാണ് വിജിലന്‍സിനോട് പറഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ സഹോദരിയുടെ വീട്ടില്‍ പീഠമുണ്ടെന്ന് താന്‍ അറിയിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. പീഠം തന്നെ ഏല്‍പ്പിച്ചാല്‍ പ്രശ്‌നം തീരുമെന്ന് വാസുദേവന് തോന്നിയെന്നും 2021 ജനുവരി ഒന്നിനാണ് പീഠം സന്നിധാനത്ത് എത്തിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'ഞാനും അന്ന് കൂടെ ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ തിരിച്ചു പോന്നു. ദേവസ്വം ബോര്‍ഡിനോട് പിന്നീട് ഇക്കാര്യം ഞാന്‍ അന്വേഷിച്ചില്ല. പീഠത്തിന്റെ കുറച്ചുഭാഗം കട്ട് ചെയ്ത് കളയേണ്ടതുണ്ടായിരുന്നു. വാസുദേവന്റെ കൈവശം ഉദ്യോഗസ്ഥന്‍ പീഠം തിരിച്ചു കൊടുത്തു. പീഠം വീട്ടില്‍ പൊന്നുപോലെ സൂക്ഷിച്ചതായും പേപ്പര്‍ പോലും ഇളക്കിയില്ലെന്നും വാസുദേവന്‍ എന്നെ അറിയിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാസുദേവന്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ആളാണെന്നും വിവാദം വന്നപ്പോള്‍ വാസുദേവന്‍ പതറിപ്പോയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ പീഠം വാസുദേവന്‍ കൈവശം വെച്ചു എന്ന് മാത്രമേയുള്ളുവെന്നും പീഠം ഉപയോഗിച്ച് വാസുദേവന്‍ പൂജകള്‍ നടത്തിയതായി താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'വാസുദേവന്‍ അങ്ങനെയുള്ള ഒരാള്‍ അല്ല. എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല. 2021ലാണ് പീഠത്തിന് കളര്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചത്. ഒരു തവണ സ്വര്‍ണ്ണം പൂശിയ പീഠം പിന്നീട് അറ്റകുറ്റപ്പണിക്കായി കൊടുത്തുവിടാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ല. പുതിയ പീഠം നിര്‍മ്മിച്ചു നല്‍കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്', ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

Content Highlights: Sponsor Unnikrishnan Potty explanation on Sabarimala pedestal controversy

To advertise here,contact us