എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് മന്ത്രി ഗണേഷ് കുമാര്‍ പാദസേവ ചെയ്യുന്നു; കരയോഗം അംഗങ്ങളുടെ വിമര്‍ശനം

സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഗണേഷ് നായന്മാരുടെ മെക്കട്ട് കയറാന്‍ വരേണ്ടെന്നും കരയോഗത്തിൽ വിമർശനം

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ കരയോഗം അംഗങ്ങളുടെ പ്രതിഷേധം. കുമ്പ മൈലാടുംപാറ കരയോഗം അംഗങ്ങളാണ് പ്രതിഷേധിച്ചത്. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ ബാനര്‍ സ്ഥാപിച്ചു. ജി സുകുമാരന്‍ നായര്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജനറല്‍ സെക്രട്ടറി സ്വയം രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് കരയോഗത്തിന്റെ ആവശ്യം. ജനറല്‍ സെക്രട്ടറിക്ക് മന്ത്രി ഗണേഷ് കുമാര്‍ പാദസേവ ചെയ്യുകയാണെന്നും ഗണേഷ് നായന്മാരുടെ മെക്കട്ട് കയറാന്‍ വരേണ്ടെന്നും കരയോഗം അംഗങ്ങള്‍ രൂക്ഷമായി വിമർശിച്ചു.

കഴിഞ്ഞ ദിവസം ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചെന്നും രാജിവെച്ചാല്‍ അവര്‍ക്ക് പോയി എന്നുമാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

'ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു. രാജിവെച്ചാല്‍ അവര്‍ക്ക് പോയി. അതിനര്‍ത്ഥം എന്‍എസ്എസിലെ എല്ലാ നായന്മാരും രാജിവെക്കുമെന്നാണോ? അവര്‍ ആരാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവര്‍ എന്‍എസ്എസിന് എതിരാണ്. ആരെയും എന്തും പറയാവുന്ന നാട്ടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് എതിരെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് വയ്ക്കാം' എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ജി സുകുമാരന്‍ നായര്‍ കരുത്തുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും സുകുമാരന്‍ നായരുടെ നിലപാട് രാഷ്ട്രീയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ജി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിലും ആലപ്പുഴയിലും വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പത്തനംതിട്ട തിരുവല്ല പെരിങ്ങര എൻഎസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ. പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറിൽ ഉള്ളത്. ആലപ്പുഴയിൽ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്എസിനേയും പിന്നിൽ നിന്ന് കുത്തിയെന്നും ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കണമെന്നും ഈ ബാനറിൽ എഴുതിട്ടുണ്ട്.

Content Highlights: Karayogam members crititize nss general secretary g sukumaran nair and kb ganesh kumar

To advertise here,contact us