ധ്യാന്‍ ശ്രീനിവാസന്‍ ഇനി ഒരു കൈനോക്കുക കൃഷിയിലും; പൊന്നുവിളയിക്കാന്‍ നടന്‍

സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ചയാളാണ് ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി: സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ചയാളാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇനി കൃഷിയില്‍ ഒരുകൈ നോക്കാനാണ് നടന്റെ ശ്രമം. പിതാവ് ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് നെല്‍കൃഷിയിലാണ് ധ്യാനിന്റെ പരീക്ഷണം.

കണ്ടനാട് പാടശേഖരത്തിലാണ് പാടശേഖര സമിതിയുടെ ഒപ്പം ചേര്‍ന്നാണ് ധ്യാന്‍ ശ്രീനിവാസനും കൃഷി ഇറക്കുന്നത്. 80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസന്‍ രണ്ട് ഏക്കറില്‍ തുടങ്ങിയ കൃഷിയാണ് 80 ഏക്കറിലേക്ക് വികസിച്ചത്. തരിശായ കിടന്ന പാടങ്ങള്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനര്‍ജീവിപ്പിക്കുകയായിരുന്നു.

ഉമ വിത്തുകളാണ് ഇത്തവണ വിതയ്ക്കുന്നത്. അഞ്ച് ഏക്കറില്‍ നാടന്‍ വിത്തുകളും വിതയ്ക്കുന്നുണ്ട്. പാടം ഉഴുതുമറിക്കുന്നതിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ സമിതി അംഗങ്ങള്‍ നടത്തിവരുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍,നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍, സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിഭവന്‍, മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിത ഉത്സവം നാഴെ രാവിലെ 10ന് കണ്ടനാട് ചെമ്മാച്ചന്‍ പള്ളിയോടു ചേര്‍ന്നുള്ള പുന്നച്ചാലില്‍ പാടശേഖരത്തില്‍ നടക്കും. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു.

To advertise here,contact us