ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയില്‍നിന്ന് പുറത്താക്കണം, ഗാസയിലെ ദൃശ്യങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നു; ജി സുധാകരൻ

ഹമാസ് ഭീകരസംഘടനയല്ലെന്നും ഇസ്രായേലിനെതിരെ അവർ തിരിച്ചടിക്കണമെന്നും ജി സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നു

ഓച്ചിറ: ഗാസയിൽ നടത്തുന്ന ക്രൂരതകളിൽ ഇസ്രയേലിനെതിരെ വീണ്ടും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഗാസയിൽനിന്ന് പുറത്തുവരുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും മുതലാളിത്ത രാഷ്ട്രങ്ങളുടെ നിലപാട് ലജ്ജാകരമാണെന്നും ജി സുധാകരൻ പറഞ്ഞു.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമവും ഐക്യദാർഢ്യസദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ ലംഘിക്കുന്ന, ലോകരാഷ്ട്രങ്ങളുടെ പിന്തുണയില്ലാത്ത ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പലസ്തീൻ വിഷയത്തിൽ നേരത്തെയും ജി സുധാകരൻ പ്രതികരിച്ചിരുന്നു. ഹമാസ് ഭീകരസംഘടനയല്ലെന്നും ഇസ്രായേലിനെതിരെ അവർ തിരിച്ചടിക്കണമെന്നുമായിരുന്നു മുസ്‌ലിം സംയുക്തവേദി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ സുധാകരൻ പറഞ്ഞത്. ഹമാസ് അത്രവലിയ ഭീകരസംഘടനയൊന്നുമല്ല. ഇസ്രയേലിനെതിരെ ഹമാസ് തിരിച്ചടിക്കുകയാണ് വേണ്ടത്. ആധുനിക ആയുധങ്ങൾ സമാഹരിച്ച് ഇസ്രയേലിനെതിരെ അവർ പോരാടണം. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം. എന്നാൽ മാത്രമേ പ്രശ്‌നം തീരുകയുള്ളൂവെന്നും ജി സുധാകരൻ വ്യക്തമാക്കിയിരുന്നു.

പലസ്തീൻ വിഷയത്തിൽ യുഎൻ നിലപാടിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്തിനാണ് യുഎൻ എന്നു ചോദിച്ച അദ്ദേഹം എന്താണ് അതിന്റെ ഗുണമെന്നും വിമര്‍ശനത്തോടെ ചോദിച്ചിരുന്നു. അമേരിക്ക വീറ്റോ ചെയ്താൽ യുഎൻ‌ ചായകുടിച്ചു പിരിയുകയാണ് ചെയ്തതെന്ന് പരിഹസിച്ച സുധാകരൻ, ആർക്കും വീറ്റോ ചെയ്യാനുള്ള അധികാരം വേണ്ട. ആണത്തമുള്ള രാജ്യം ഇറാൻ മാത്രമാണെന്നും പറഞ്ഞിരുന്നു

Content Highlights: CPIM Leader G Sudhakaran reacts against Israel on Gaza Issue

To advertise here,contact us