പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ അനുകൂല നിലപാടിലെ വിവാദങ്ങൾക്ക് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ നേരിൽ കണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഇന്നലെയായിരുന്നു പി ജെ കുര്യന്റെ സന്ദർശനം. വൈകീട്ട് മൂന്നരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് പി ജെ കുര്യൻ സുകുമാരൻ നായരെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് എംപിയും സുകുമാരൻ നായരെ കണ്ടിരുന്നു.
കോണ്ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് കരുതുന്നത്. സുകുമാരൻ നായരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് പി ജെ കുര്യൻ. വിവാദങ്ങള്ക്കിടെ സുകുമാരന് നായരെ കാണുന്ന രണ്ടാമത്തെ കോണ്ഗ്രസ് നേതാവാണ് പി ജെ കുര്യന്. എന്എസ്എസിനെ അനുനയിപ്പിക്കണമെന്ന് കോണ്ഗ്രസിലെ മുതിര്ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നുവെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽനിന്നും എൻഎസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമടക്കം പിന്നാലെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ശബരിമല വിഷയത്തിലെ എൻഎസ്എസ് സ്വീകരിച്ച നിലപാടിൽ നിന്നും ജനറൽ സെക്രട്ടറി
എന്നാൽ വിമർശനങ്ങൾക്കിടയിലും പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നായിരുന്നു സുകുമാരൻ നായരുടെ നിലപാട്. സമദൂര നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ ജി സുകുമാരൻ നായർ, ശബരിമല നിലപാടിൽ രാഷ്ട്രീയ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടാണ് അത് തുടരുന്നുവെന്നേയുള്ളൂവെന്നും കോട്ടയം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവും തങ്ങളില്ല. സമദൂരത്തിൽ ശരിദൂരമുണ്ട്. അതാണ് ഇപ്പോൾ കാണിച്ചതെന്നും ശബരിമലവിഷയത്തിലെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Congress leader P J Kurien meets NSS General secretary G Sukumaran Nair