കമ്പനി ഉടമയ്ക്ക് അബദ്ധം പറ്റി, മലയാളി യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നാണ് പണം അക്കൗണ്ടിലെത്തിയത്

പത്തനംതിട്ട: സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നും 53,53,891 രൂപ എത്തിയത്.

കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. പണം എത്തിയെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെ, ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന അരുണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. പണം അയച്ചതിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അരുൺ ആവശ്യപ്പെട്ടതോടെയാണ് കമ്പനി അധികൃതരും ഇക്കാര്യം അറിഞ്ഞത്.

പിന്നാലെ പണം തിരികെ നൽകുന്നതിന് നടപടികളും ആരംഭിച്ചു. തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി ചൊവ്വാഴ്ച പണം കമ്പനിയുടെ അക്കൗണ്ടിൽ തിരികെ എത്തുമെന്ന് അരുൺ ഉറപ്പു നൽകി. നെല്ലിമുകൾ എസ്എൻഡിപി ശാഖ സെക്രട്ടറിയും ചക്കൂർച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമാണ് അരുൺ.

Content Highlights: company mistakenly deposited a crore rupees into the young man's account

To advertise here,contact us