'സി എം വിത്ത് മി' പദ്ധതിക്ക് തുടക്കം; ആദ്യ കോളിൽ ടൊവിനോ തോമസ്

സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്

തിരുവനന്തപുരം: പൊതുജനങ്ങളോട് സംവദിക്കാനൊരുങ്ങി മുഖ്യമന്ത്രി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'സി എം വിത്ത് മി' എന്ന പേരില്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നടന്‍ ടോവിനോ തോമസ് ആദ്യ കോള്‍ ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക് എല്ലാ ആശംസകളും നടന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. സിഎം വിത്ത് മി എന്നാല്‍ മുഖ്യമന്ത്രി മാത്രമല്ല സര്‍ക്കാര്‍ അപ്പാടെ ഒപ്പം ഉണ്ടാകുമെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

1800-425-6789 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയാണ് ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പറയാന്‍ കഴിയുക. ഫലപ്രദമായ പ്രവര്‍ത്തനത്തിനായി പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. സിറ്റിസണ്‍ കണക്ട് സെന്ററിന്റെ നടത്തിപ്പും മേല്‍നോട്ട ചുമതലയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. വെള്ളയമ്പലത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത പഴയ എയര്‍ ഇന്ത്യ ഓഫീസിലാണ് സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന വേളയില്‍ പദ്ധതിയിലൂടെ ജനങ്ങളുമായുള്ള സമ്പര്‍ക്കം ഊട്ടിയുറപ്പിക്കാന്‍ ആകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Content Highlight; Chief Minister set to interact with public; Tovino Thomas launches 'CM with Me'

To advertise here,contact us