കൊച്ചി: ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി നടന് ദുല്ഖര് സല്മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്ളാറ്റില് നിന്നാണ് നിസ്സാന് പട്രോള് പിടിച്ചെടുത്തത്. ആര്മിയാണ് വാഹനത്തിന്റെ ഫസ്റ്റ് ഓണര്.
കര്ണാടക രജിസ്ട്രേഷനുളള വാഹനം ബന്ധുവിന്റെ ഫ്ളാറ്റില് ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. നേരത്തെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നെങ്കിലും ദുല്ഖറിന്റെ നിസ്സാന് പട്രോള് വാഹനം കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. അത് ഒളിപ്പിച്ചതാണ് എന്ന സംശയം കസ്റ്റംസിനുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തില് ബന്ധുവിന്റെ ഫ്ളാറ്റില് നിന്നാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. 27 വര്ഷം പഴക്കമുളളതാണ് വാഹനം.
നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുല്ഖര് സല്മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുളളത്. ഇതില് മൂന്ന് വാഹനങ്ങളാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. അതിൽ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദുല്ഖര് സല്മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്ഖറിന്റെ രണ്ട് വാഹനങ്ങള് പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില് പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന് കഴിഞ്ഞില്ല. നടന് അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് വർക്ക് ഷോപ്പിൽ അടക്കമുണ്ടായിരുന്ന എട്ടോളം വാഹനം പിടിച്ചെടുത്തു, എന്നാൽ അതിൽ ഒരെണ്ണം മാത്രമാണ് തന്റേതെന്നാണ് അമിതിന്റെ വാദം. ബാക്കി ഏഴെണ്ണം വർക്ക് ഷോപ്പിൽ പണിക്ക് കൊണ്ടുവന്നതാണെന്നും അമിത് പറഞ്ഞിരുന്നു.
ഭൂട്ടാനീസ് ഭാഷയില് വാഹനം എന്ന് അര്ത്ഥം വരുന്ന നുംഖോര് എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നല്കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര് കണ്ണികളെ ഒരു വര്ഷം മുന്പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില് സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂര്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.
Content Highlights: Operation Numkhor: Customs seizes another vehicle belonging to Dulquer Salmaan