ബിന്ദു പത്മനാഭൻ കൊലക്കേസ്; അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിൽ; നിർണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ഉള്ളത്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. സെബാസ്റ്റ്യനെ തണ്ണീര്‍മുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ഉള്ളത്. മറ്റിടങ്ങില്‍ അസ്ഥി കൊണ്ടിട്ടിട്ടുണ്ടോയെന്നും വ്യക്തതയില്ല. ജെയ്‌നമ്മ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ബിന്ദു തിരോധാനക്കേസിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് ജയിലില്‍ എത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

2006 ലാണ് ബിന്ദു പത്മനാഭനെ കാണാതാവുന്നത്. 2017 ലാണ് സഹോദരന്‍ ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബിന്ദു കേസില്‍ സെബാസ്റ്റ്യന്‍ സംശയമുനയില്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. പിന്നീട് ജെയ്‌നമ്മ കേസില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായതോടെയാണ് മറ്റുതിരോധാനക്കേസുകളെ സംബന്ധിച്ച് പുനഃരന്വേഷണം തുടങ്ങിയത്.

Content Highlights: Bindu Padmanabhan case bones were left in Thanneermukkam Bund Crime Branch

To advertise here,contact us