കോട്ടയം: കോടികളുടെ ബാങ്ക് ലോൺ എടുത്ത് കുവൈത്തിൽനിന്നും നാട്ടിലേക്ക് മുങ്ങിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. കുവൈത്തിലെ ബാങ്കിൽനിന്നും കോടികൾ വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ് പരാതി. അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫീസറാണ് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്.
കോവിഡ് സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടക്കുകയും ചെയ്തവരെ അന്വേഷിച്ചാണ് ബാങ്ക് അധികൃതർ കേരളത്തിലെത്തിയത്.
60 ലക്ഷം മുതൽ 1.20 കോടി രൂപവരെ ബാങ്കിന് കുടിശിക നൽകാനുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിലും കേസുകളുണ്ട്. ഡ്രൈവർ, മാനേജർ, നഴ്സ് എന്നീ നിലകളിൽ ജോലി ചെയ്തിരുന്നവരാണ് ഇവരില് ഭൂരിഭാഗവും.
2020ൽ എടുത്ത വായ്പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചതോടെയാണ് വായ്പ എടുത്തവരിൽ മിക്കവരും കുവൈത്ത് വിട്ട് നാട്ടിലേക്ക് മടങ്ങിയെന്ന് ബാങ്ക് അറിയുന്നത്. പിന്നാലെയാണ് പണം തിരിച്ചുപിടിക്കാനുള്ള നീക്കവുമായി ബാങ്ക് രംഗത്തെത്തിയത്.
ബാങ്ക് അധികൃതർ പരാതിക്കൊപ്പം കൈമാറിയ വിവരങ്ങളും മേൽവിലാസവും ഉപയോഗിച്ചാണ് ആളുകൾക്കെതിരെ അതത് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഒരു കോടിയിലധികം രൂപ തിരിച്ചടയ്ക്കാനുള്ള ചിലർ ഇപ്പോൾ വിദേശത്ത് ഉണ്ടെന്നതിനാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകുന്നതിൽ നിയമവിദഗ്ധരിൽനിന്നും ഉപദേശം പൊലീസ് തേടും.
Content Highlights: Bank officials are in kerala for Malayalis who fled Kuwait after taking bank loans worth crores