നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; കെ എ പോളിനെതിരായ പരാതി തെലങ്കാന പൊലീസ് അന്വേഷിക്കും

കെ എ പോളിന്റെ പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയെന്ന പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ കെ എ പോളിനെതിരായ പരാതി തെലങ്കാന പൊലീസ് അന്വേഷിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതി കേരളാ പൊലീസ് തെലങ്കാന പൊലീസിന് കൈമാറി. കെ എ പോളിന്റെ പണപ്പിരിവ് തട്ടിപ്പാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് കെ എ പോളിനെതിരെ പരാതി നല്‍കിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ കെ എ പോള്‍ ആവശ്യപ്പെട്ടിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാം എന്നറിയിച്ചായിരുന്നു കെ എ പോളിന്റെ പോസ്റ്റ്. എന്നാല്‍, അത്തരമൊരു ധനസമാഹരണം നടത്തുന്നില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതൽ യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ്. തലാലിന്റെ കുടുംബത്തെ കണ്ട് മോചനത്തിനായി നിമിഷയുടെ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വധശിക്ഷ നീട്ടിയതിന് പിന്നാലെ നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന  ആവശ്യവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു.  വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി മഹ്ദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഒരു തരത്തിലുളള ഒത്തുതീർപ്പ് ചർച്ചയ്ക്കും തയാറല്ല. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Telangana Police to investigate complaint against KA Paul in fund raising in nimishapriya's name

To advertise here,contact us