തിരൂർ: മുസ്ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്ലീഗ് നേതാക്കൾ. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം തിരൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മലയാള സർവകലാശാല ഭൂമി വിവാദ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജലീൽ. ലീഗിന്റെ കള്ളത്തരങ്ങൾ തുറന്നു പറയുമ്പോൾ തന്നെ അഴിമതിക്കാരനാക്കുകയാണ്. ലീഗിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ സ്പീക്കർക്ക് പരാതി നൽകാൻ പി കെ ഫിറോസിന് ധൈര്യമുണ്ടോയെന്നും കെ ടി ജലീൽ ചോദിച്ചു.
താൻ ലീഗായപ്പോൾ കട്ടിട്ടില്ല പിന്നെ ഇപ്പോഴാണോ കക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏരിയാ സെക്രട്ടറി ടി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗഫൂർ പി ലില്ലീസ്, അഡ്വ. യു. സൈനുദ്ദീൻ, പി കൃഷ്ണൻ നായർ, അഡ്വ. പി ഹംസക്കുട്ടി, അഡ്വ. എസ് ഗിരീഷ്, എം മിർഷാദ് എന്നിവർ സംസാരിച്ചു.
കുറച്ച് ദിവസങ്ങളായി കെ ടി ജലീലും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും തമ്മിലുള്ള പരസ്യപ്പോര് മുറുകുകയാണ്. പി കെ ഫിറോസ് റിവേഴ്സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങൾ കെടി ജലീൽ എംഎൽഎ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമർഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സാമ്പത്തിക അഴിമതികൾ ലീഗുകാരുടെ സ്ഥിരം തൊഴിലാണെന്നും പിരിവ് നടത്തി ലീഗ് പ്രവർത്തകരെ തന്നെ കബളിപ്പിക്കുന്ന നയമാണ് കുറേക്കാലമായി അവർ തുടരുന്നതെന്നും ജലീൽ ആരോപിച്ചിരുന്നു. ഇപ്പോൾ പുതിയ പേരിൽ യൂത്ത് ലീഗ് ദേശീയ സമിതി പിരിവിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു. പി കെ ഫിറോസ് യുഎഇ സർക്കാരിനെയും വഞ്ചിക്കുകയാണ്. ഒരു പൊതുപ്രവർത്തകൻ അതൊന്നും ചെയ്യരുത്. ഇങ്ങനെ തോന്നിവാസം ചെയ്യുന്നവർ ലീഗിൽ മാത്രമെ ഉണ്ടാകൂ. തന്റെ വാർത്താ സമ്മേളനം കേട്ട് തന്നെ ഇ ഡി കേസെടുത്തോളും. ഹവാല ബിസിനസുകൾ ഉൾപ്പടെ ഇ ഡി പരിശോധിച്ചോളും. ലീഗിലെ സാമ്പത്തിക കുറ്റം ഹലാലായ കാര്യമാണെന്നും കെ ടി ജലീൽ വിമർശിച്ചിരുന്നു.
Content Highlights: kt jaleel against muslim league