തീറ്റപ്പുൽ കൃഷിക്ക് പൊലീസ് സ്ഥലം കണ്ടെത്തണം; വിചിത്ര ഉത്തരവില്‍ വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ്

ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ തീറ്റപ്പുൽ കൃഷിക്ക് സ്ഥലം കണ്ടെത്തണമെന്ന തരത്തിൽ വന്ന സർക്കുലറിനെതിരെ പരിഹാസവും ഉയർന്നിരുന്നു

കണ്ണൂർ: തീറ്റപ്പുൽ കൃഷിക്ക് സ്ഥലം കണ്ടെത്തണമെന്ന വിചിത്ര സർക്കുലറിൽ വിശദീകരണവുമായി പൊലീസ്. പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭൂമി കണ്ടെത്താൻ ആയിരുന്നു വികസന സമിതിയിലെ നിർദേശമെന്നും കലക്ടറുടെ നിർദേശം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിച്ചുവെന്നുമാണ് വിശദീകരണം. സർക്കുലറിൽ അവ്യക്തത ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കാലിത്തീറ്റയിൽ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന് തീറ്റപ്പുൽകൃഷിക്ക് പൊലീസ് സ്ഥലം കണ്ടെത്തണമെന്നായിരുന്നു കണ്ണൂർ സിറ്റി പൊലീസ് പുറത്തിറക്കിയ സർക്കുലർ. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ആഗസ്റ്റ് 30 ന് നടന്ന കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിന്റെ നടപടിക്രമം അനുസരിച്ചാണ് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ തീറ്റപ്പുൽ കൃഷിക്ക് സ്ഥലം കണ്ടെത്തണമെന്ന തരത്തിൽ വന്ന സർക്കുലറിനെതിരെ പരിഹാസവും ഉയർന്നിരുന്നു.

Content Highlights: Kannur City police issues circular to find land for fodder cultivation, authority gives explanation

To advertise here,contact us