കൊച്ചി: സൈബര് അധിക്ഷേപക്കേസില് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബര് കെ എം ഷാജഹാന്. താന് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്ത്രീപീഡന കേസുകളില് ഇരകള്ക്കുവേണ്ടി പോരാടിയിട്ടുളള ആളാണ് താനെന്നും കെ എം ഷാജഹാന് പറഞ്ഞു. താന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വാദം ഒരിടത്തും നിലനില്ക്കില്ലെന്നും അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് ചുമത്തിയതെന്ന് തെളിഞ്ഞു കഴിഞ്ഞെന്നും ഷാജഹാന് പറഞ്ഞു. ഭീഷണിപ്പെടുത്തി തന്നെ വീഴ്ത്താന് കഴിയില്ലെന്നും വസ്തുനിഷ്ഠമായിട്ടുളള തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വീഡിയോകള് ചെയ്തതെന്നും കെ എം ഷാജഹാന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരു കുറ്റവും ഞാന് ചെയ്തിട്ടില്ല. 25 വര്ഷക്കാലമായി പൊതുരംഗത്ത് പ്രവര്ത്തിക്കുന്നയാളാണ്. 2001-2006 കാലത്ത് വിഎസ് അച്യുതാനന്ദന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അന്നുമുതല് ലൈംഗികാരോപണക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും നിരന്തരം ഇരകള്ക്കുവേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്ന പൊതുപ്രവര്ത്തകനാണ് ഞാന്. ഐസ്ക്രീം പാര്ലര് കേസ്, വിതുര കേസ്, കിളിരൂര് കേസ്, കവിയൂര് കേസ് തുടങ്ങിയ എല്ലാ സ്ത്രീപീഡന കേസുകളിലും ഇരകള്ക്കുവേണ്ടി പോരാടിയ ആളാണ് ഞാന്. വേടന്റെ വിഷയത്തില് പോലും ഇരയ്ക്ക് അനുകൂലമായി നിലപാടെടുത്ത പൊതുപ്രവര്ത്തകനാണ് ഞാന്. അതുകൊണ്ട് എനിക്കെതിരെ സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനില്ക്കില്ല. കോടതിയിലും അത് നിലനിന്നില്ല. എനിക്കെതിരായ എല്ലാ വകുപ്പുകളും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. എന്നെ സമ്മര്ദത്തിലാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇത്തരം പോരാട്ടങ്ങള് ജീവിത വ്രതമാക്കിയ മനുഷ്യനായതുകൊണ്ട് ബുദ്ധിമുട്ടുകളും ദുരന്തങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഞാനത് തുടരുകയാണ്. ഞാന് ഒരു തെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. രണ്ടായിരത്തോളം വീഡിയോകള് ചെയ്തിട്ടുണ്ട്. എനിക്കെതിരെ ആദ്യമായി വരുന്ന കേസാണിത്. വസ്തുനിഷ്ഠമായ തെളിവുകളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്തത്. അത് ഇനിയും തുടരും': കെ എം ഷാജഹാന് പറഞ്ഞു.
എറണാകുളം സിജെഎം കോടതിയാണ് കെ എം ഷാജഹാന് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബോണ്ട് രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. കെ ജെ ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കെ എം ഷാജഹാനെതിരെ രണ്ട് പരാതികളാണ് കെ ജെ ഷൈൻ നൽകിയത്. ആദ്യ പരാതിയിൽ ഷാജഹാനെതിരെ കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ ഷൈൻ വീണ്ടും പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഷാജഹാന് നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
Content Highlights: 'I am someone who fought for victims in cases of violence against women': KM Shahjahan