തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി. 24 മണിക്കൂറിനകം ആന്ധ്രാതീരത്തിന് സമീപം ഇത് തീവ്ര ന്യൂനമർദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ന്യൂനമർദത്തിന്റെ ഭാഗമായി സംസ്ഥാനത്തും മഴ കനത്തു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മഞ്ഞ അലേർട്ടാണ്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ്.
നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല് കോളേജുകള് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Content Highlights: heavy rainfall in kerala, low pressure over bay of bengal