തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല് കോളേജുകള് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. തിരുവനന്തപുരം മുതല് തൃശൂര് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്ട്ട്. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Content Highlights: Heavy Rain leave on Thiruvananthapuram educational institutions