'നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ': തിരുവനന്തപുരത്തും പ്രതിഷേധ ഫ്‌ളക്‌സ്

കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കരയോഗം ഭാരവാഹികളാണ് സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. 'നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍' എന്നാണ് ഫ്‌ളക്‌സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്.

പത്തനംതിട്ടയിലും ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റർ. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു  കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി സുകുമാരൻ നായർക്കെതിരെ പോസ്റ്റർ ഉയർന്നിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നുമായിരുന്നു ബാനര്‍.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Content Highlights: Flex board in thiruvananthapuram against nss general secretary g sukumaran nair

To advertise here,contact us