കൊച്ചി: ഭൂട്ടാനില് നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടന് അമിത് ചക്കാലക്കല് നടത്തിയ യാത്രകളില് കസ്റ്റംസ് അന്വേഷണം. അമിത് പലതവണയായി വടക്കുകിഴക്കാന് സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്ര കോയമ്പത്തൂര് റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്. അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള് എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില് പ്രവര്ത്തിച്ചിട്ടുണ്ടോയെന്നതില് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഭൂട്ടാനില് നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള് കസ്റ്റംസ് അമിത്തിന്റെ ഗാരേജില് നിന്നും പിടികൂടിയിട്ടുണ്ട്. ഇതില് ഒരെണ്ണം മാത്രമാണ് തന്റേതെന്നും ബാക്കിയുള്ളവ തന്റെ ഗാരേജില് മോഡിപിടിപ്പിക്കാനായി കൊണ്ടുവന്നവയാണെന്നുമാണ് അമിത് പ്രതികരിച്ചത്. ചില വാഹനങ്ങള് മറ്റ് സംസ്ഥാനങ്ങളിലാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ഇതിന്റെ റീ രജിസ്ട്രേഷന് നടപടികളിലേക്ക് കടന്നിട്ടില്ല. അതിനാല് അമിത് ചക്കാലക്കലിനു ഭൂട്ടാനില് നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള് കടത്തിയ ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
ഭൂട്ടാനില് നിന്നും ഇന്ത്യയിലേക്ക് വാഹനങ്ങള് കടത്തുന്ന സംഘങ്ങളില് കോയമ്പത്തൂര് കേന്ദ്രീകരിച്ചുള്ള സംഘത്തെ കഴിഞ്ഞവര്ഷം കസ്റ്റംസ് പിടികൂടിയിരുന്നു. പിന്നാലെ അമിത്തിന്റെ ഗാരേജിലടക്കം പരിശോധന നടത്തുകയും രേഖകള് പരിശോധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനുശേഷവും അമിത്തിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
Content Highlights: Customs investigation into actor Amit Chakkalakkal's travels in north east states