കോഴിക്കോട്: കോണ്ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലെെംഗികാരോപണത്തിൽ പൊലീസില് പരാതി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ആലത്തൂര് ബ്ലോക്ക് ജനറല് സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന് സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില് പറയുന്നു. സുരേഷ് ബാബുവിന്റെ പരാമര്ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയില് ചൂണ്ടിക്കാട്ടി.
അധിക്ഷേപത്തില് സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്ഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എന്നാല് ആരോപണത്തിലുറച്ച് നില്ക്കുകയാണ് സുരേഷ് ബാബു. സമയമാകുമ്പോള് ഷാഫിക്കെതിരെ തെളിവുകള് പുറത്തുവിടുമെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാല് എന്തിനാണ് ഷാഫി തോളില് ചെളിയുണ്ടോ എന്ന് നോക്കുന്നതെന്നും സുരേഷ് ബാബു ചോദിച്ചിരുന്നു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല് ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില് രാഹുലിന്റെ ഹെഡ്മാസ്റ്റര് ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില് രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന് രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില് കേറി കൊത്തിയപ്പോള് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില് മുസ്ലിം ലീഗാണ് അവര്ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
Content Highlights: Congress files complaint against Suresh Babu for insulting Shafi Parambil