തിരുവനന്തപുരം: രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ മർദിച്ച അങ്കണവാടി അധ്യാപികക്കെതിരെ കേസെടുത്തു. അധ്യാപിക പുഷ്പകലയ്ക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ അമ്മയുടെ മൊഴി രേഖപ്പെടുത്തി.
കുഞ്ഞിന്റെ ഇടത് കൈ പിടിച്ച് വലത് ചെവിയോട് ചേർന്നാണ് അധ്യാപിക മർദിച്ചത്. കുഞ്ഞിന്റെ മുഖത്ത് കൈവിരലിന്റെ മൂന്ന് പാടുകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലും പിന്നാലെ എസ്എടി ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടായിട്ടുണ്ട്.
തൈക്കാട് ആശുപത്രി അധികൃതരാണ് സിഡബ്ല്യുസിയെ വിവരം അറിയിച്ചത്. എന്നാൽ മർദിച്ചുവെന്ന് അധ്യാപിക ഇതുവരെ സമ്മതിച്ചിട്ടില്ല. കുട്ടികൾ തമ്മിലുണ്ടായ വഴക്കിന് പിന്നാലെ കടിച്ചതാകാം എന്നാണ് ഇവർ രക്ഷിതാക്കളോടും സിഡബ്ല്യുസി അധികൃതരോടും അധ്യാപിക പറഞ്ഞത്. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലാണ് സംഭവം. അധ്യാപിക അടിച്ചുവെന്ന് മകളാണ് പറഞ്ഞതെന്ന് പ്രവീൺ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.
Content Highlights: Case registered against Anganwadi teacher for beating child