എയിംസ് തലവേദനയാകുന്നു; അഭിപ്രായഭിന്നത പരിഹരിക്കാൻ ബിജെപി; ജെ പി നദ്ദ നേതാക്കളുമായി ചര്‍ച്ച നടത്തും

എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്

കോഴിക്കോട്: എയിംസിനെ ചൊല്ലിയുള്ള ബിജെപി നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ശ്രമം. നാളെ കേരളത്തിലെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എയിംസ് ആലപ്പുഴയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തന്റെ മണ്ഡലമായ തൃശ്ശൂര്‍ എന്നതാണ് സുരേഷ് ഗോപി എയിംസ് വരണമെന്ന് നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍. ഇക്കാര്യം അദ്ദേഹം പലകുറി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനിടെ സുരേഷ് ഗോപി ഇന്ന് വീണ്ടും തന്‍റെ നിലപാട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എയിംസില്‍ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂവെന്നും പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത് . 2016 ല്‍ പറഞ്ഞ അതേ നിലപാടാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകരുന്നത്. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്.

ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനത്തിനായാണ് നദ്ദ നാളെ സംസ്ഥാനത്തെത്തുന്നത്. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം അഭിപ്രായഭിന്നതകള്‍ പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

എയിംസ് തിരുവനന്തപുരത്ത് വരണമെന്ന ആഗ്രഹം ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷനും കാസര്‍കോട് വരണമെന്ന ആഗ്രഹം കാസര്‍കോട് മേഖല അധ്യക്ഷനും പ്രകടിപ്പിച്ചിട്ടുണ്ട്. എയിംസ് തിരുവനന്തപുരത്ത് വരണമെന്നത് 2021 മുതലുള്ള ആവശ്യമാണെന്നും 2015 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എയിംസിന് അനുകൂലമായ ജില്ല തിരുവനന്തപുരാണെന്ന് പറയുന്നുണ്ടെന്നും കരമന ജയന്‍ പറഞ്ഞു. എന്നാല്‍ എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന് 2014 മുതല്‍ ആവശ്യപ്പെടുന്നുണ്ടെന്നും ആ സാഹചര്യം തന്നെയാണ് ഇന്നും മുന്നോട്ട് വെക്കുന്നതെന്നും ബിജെപി കാസര്‍കോട് മേഖല അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ എയിംസ് വരണമെന്ന നിര്‍ബന്ധം മാത്രമെ ബിജെപിയ്ക്ക് ഉള്ളൂവെന്നും ഏത് ജില്ലയിലാണെന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നുമാണ് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞത്. കേരളത്തില്‍ എവിടെ എയിംസ് വന്നാലും ബിജെപി സ്വാഗതം ചെയ്യുമെന്നും എം ടി രമേശ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ബിജെപിയല്ല തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവുമാണ് എയിംസ് എവിടെ വേണമെന്ന് തീരുമാനിക്കുന്നത്. പൊതു പ്രവര്‍ത്തകര്‍ അവരുടെ നാട്ടില്‍ എയിംസ് വരണമെന്ന് ആഗ്രഹിക്കും. അതിനെ തെറ്റ് പറയാന്‍ പറ്റില്ലെന്ന് വി മുരളീധരനും പറഞ്ഞു.

Content Highlights: BJP to resolve differences over AIMS J P Nadda will talk to Leaders

To advertise here,contact us